ആര്യനാട്: കൊലക്കേസ് പ്രതി വാഹനമോഷണത്തിന് പിടിയിലായി. അരുവിക്കര കുതിരകുളം ഭഗവതിപുരം ഗാന്ധിജി നഗറിൽ പ്രദീപ് ഭവനിൽ പ്രകാശാണ് (33) പിടിയിലായത്.ഇക്കഴിഞ്ഞ 23ന് വെള്ളനാട് വാളിയറ കടുക്കാമൂട് കരിംകുറ്റി പുത്തൻവീട്ടിൽ സുധാകരന്റെ വീടിന് മുൻവശത്തെ റോഡിൽ വച്ചിരുന്ന ബൈക്ക് മോഷ്ടിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്.

സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുന്നതിനിടെയാണ് പൊലീസിനോട് വയറുവേദനയുണ്ടെന്നും ആസിഡ് കുടിച്ചതായും പ്രകാശ് പറയുന്നത്.തുടർന്ന് ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് മജിസ്ട്രേറ്റിന് റിപ്പോർട്ട് ചെയ്തു.മജിസ്ട്രേറ്റ് ആശുപത്രിയിലെത്തിയാണ് ഇയാളെ റിമാൻഡ് ചെയ്തത്.

ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. ജാമ്യത്തിലിറങ്ങിയ പ്രകാശ് ഭാര്യയുടെ അടുത്തെത്തിയെങ്കിലും ഇവർ ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം രാവിലെ വീണ്ടും ഇയാൾ ഭാര്യയുടെ അടുത്തെത്തി വീടിനു സമീപത്ത് റബ്ബറിലൊഴിക്കാൻ വച്ചിരുന്ന ആസിഡെടുത്തു കുടിക്കുകയായിരുന്നു. ഇതൊന്നുമറിയാതെ ഉച്ചയോടെയാണ് പൊലീസ് പ്രകാശിനെ കസ്റ്റഡിയിലെടുത്തത്.ആര്യനാട് ഇൻസ്‌പെക്ടർ അജീഷ്.വി.എസ്,എസ്.ഐമാരായ ഷീന.എൽ,വേണു.കെ.സുരേഷ് കുമാർ,സിവിൽ പൊലീസ് ഓഫീസർ ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ളവരാണ് പ്രതിയെ അറസ്റ്റുചെയ്തത്.