കുളത്തൂർ: നഗരസഭയുടെ ആറ്റിപ്ര സോണൽ ഓഫീസും പരിസരവും മാലിന്യം നിറഞ്ഞ അവസ്ഥയിലാണ്. ചാക്കുകെട്ടുകളിലും അല്ലാതെയും എത്തിക്കുന്ന ഖരമാലിന്യം സോണൽ ഓഫീസിന് നാലുചുറ്റും കുന്നുകൂടി അസഹ്യമായ ദുർഗന്ധം വമിച്ചിട്ടും ബന്ധപ്പെട്ട അധികാരികൾക്ക് അനക്കമില്ല.ആറ്റിപ്ര സാേണൽ പരിധിയിലെ നാല് വാർഡുകളിൽ നിന്ന് നഗരസഭയുടെ ഹരിതകർമ്മസേന പ്രവർത്തകർ ശേഖരിക്കുന്ന വിവിധതരത്തിലുള്ള ഖരമാലിന്യം പിക്കപ്പുകളിൽ ശേഖരിച്ച് ഇവിടെയാണ് നിക്ഷേപിക്കുന്നത്. മാസത്തിലൊരിക്കൽ ലോറിയിൽ ഇവിടന്ന് കയറ്റി കൊണ്ടുപോകുമെങ്കിലും കൊണ്ടുപോകുന്നതിന്റെ നൂറിരട്ടി മാലിന്യം വീണ്ടും തള്ളുന്നതിനാൽ മാലിന്യമല തന്നെ രൂപപ്പെട്ടിട്ടുണ്ട്.
സോണൽ ഓഫീസിനോടു ചേർന്ന് പ്രവർത്തിക്കുന്ന കുളത്തൂർ മാർക്കറ്റും പരിസരവും മാലിന്യം കൈയടക്കിയ അവസ്ഥയിലാണ്.ബാറുകളിൽ നിന്നുള്ള ഒഴിഞ്ഞ മദ്യക്കുപ്പികളും ഹോട്ടൽ മാലിന്യവും കരിക്ക് വെട്ടുന്നിടത്തെ വേസ്റ്റുകളും പ്ലാസ്റ്റിക്കും കൊണ്ട് മൂടിയ നിലയിലാണ് മാർക്കറ്റും പരിസരവും. സ്വകാര്യ വ്യക്തി ലക്ഷങ്ങൾ മുടക്കി ലേലത്തിൽ പിടിച്ച സ്ഥലത്താണ് നഗരസഭ അധികൃതരുടെ ഈ പരാക്രമം. മാർക്കറ്റിന്റെ 80 ശതമാനവും ഖരമാലിന്യം കൊണ്ട് മൂടിയതിനാൽ വിരലിലെണ്ണാവുന്ന കച്ചവടക്കാർ മാത്രമേ എത്തുന്നുള്ളൂ.കച്ചവടക്കാർക്കും സാധനങ്ങൾ വാങ്ങാനെത്തുന്നവർക്കും പലതരത്തിലുള്ള അസുഖങ്ങൾ പിടിപെട്ടതോടെയാണ് മാർക്കറ്റിന്റെ പ്രവർത്തനം മന്ദഗതിയിലായത്. മാസംതോറും വീടുകളിൽ നിന്നും വ്യാപാര വാണിജ്യ സ്ഥാപനങ്ങളിൽ നിന്നും പ്ലാസ്റ്റിക്,ഖരമാലിന്യങ്ങൾ ശേഖരിക്കുന്നത് വൻ തുക കൈപ്പറ്റിയ ശേഷമാണ്. പിന്നെയെന്തുകൊണ്ടാണ് ശേഖരിക്കുന്ന മാലിന്യം സമയാസമയങ്ങളിൽ നീക്കം ചെയ്യാത്തതെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
തെരുവുനായ ശല്യവും
മാലിന്യനിക്ഷേപം വർദ്ധിച്ചതാേടെ സ്ഥലത്ത് തെരുവുനായ ശല്യവും രൂക്ഷമാണ്
പ്രതിഷേധവും
കുളത്തൂർ ജംഗ്ഷനിൽ സ്ഥിതിചെയ്യുന്ന ആറ്റിപ്ര സാേണൽ ഓഫീസിനോടു ചേർന്ന ജനവാസ മേഖലയിൽ അതിസാരവും ഡെങ്കിപ്പനിയും പടർന്നുപിടിച്ചതോടെ സമീപവാസികൾ ഇന്നലെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഹരിതകർമ്മ സേന പ്രവർത്തകർ ശേഖരിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ നിക്ഷേപിക്കാൻ മറ്റൊരിടം കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.