k

ശംഖുംമുഖം: ഹരിതകർമ്മ സേനയുടെ നേതൃത്വത്തിൽ ശേഖരിക്കുന്ന ഹോട്ടൽ മാലിന്യം പാർവതി പുത്തനാറിൽ തള്ളാൻ ശ്രമിച്ച പ്രായപൂർത്തിയാകാത്ത രണ്ടുപേരെ നാട്ടുകാർ പിടികൂടി നഗരസഭ ഹെൽത്ത് സ്‌ക്വാഡിന് കൈമാറി. ഇന്നലെ രാത്രി 10നാണ് സംഭവം. പാർവതി പുത്തനാറിന്റെ മുട്ടത്തറ സംഗമം നഗർ ഭാഗത്ത് ചാക്കിൽ കെട്ടി സ്‌കൂട്ടറിൽ കൊണ്ടുവന്ന മാലിന്യം തള്ളാൻ ശ്രമിച്ചവരെയാണ് നാട്ടുകാർ പിടികൂടിയത്. തുടർന്ന് ഹെൽത്ത് സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിൽ മുട്ടത്തറ കല്ലുമൂട് ഭാഗങ്ങളിലെ ഹോട്ടലുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം ഹരിത കർമ്മ സേനാംഗമായ വനിത മകനെയും മകന്റെ സുഹൃത്തിനെയും ഉപയോഗിച്ച് രാത്രി ചാക്കിൽ കെട്ടി ജലാശയങ്ങളിലും റോഡിലും കൊണ്ടുവന്ന് തള്ളുകയാണെന്ന് കണ്ടത്തി. സംഗമം നഗർ ഭാഗത്ത് സ്ഥിരമായി തള്ളുന്ന ഇറച്ചി, ഹോട്ടൽ മാലിന്യങ്ങൾ കെട്ടിക്കിടന്ന് രോഗങ്ങൾ പടരാൻ തുടങ്ങിയിരുന്നു. ബൈക്കിലെത്തിയ സംഘത്തെ നാട്ടുകാർ പിന്തുടർന്ന് പിടിച്ച് തടഞ്ഞുവച്ചു. ഹെൽത്ത് സ്‌ക്വാഡും പൊലീസും സ്ഥലത്തെത്തി മാലിന്യവും സ്‌കൂട്ടറും നഗരസഭയുടെ ഫോർട്ട് സർക്കിളിലേക്ക് മാറ്റി.