വിതുര: വൈബടിക്കാൻ കാടും മലയും തേടി പൊന്മുടിക്ക് പോകുന്നവരുടെ കീശ കീറിയേക്കും. പൊന്മുടിയിലേക്കുള്ള പ്രവേശന ഫീസ് ഇരട്ടിയാക്കാൻ നീക്കം. 40 രൂപയിൽ നിന്ന് 80 ആയി ഉയർത്താനാണ് ഫോറസ്റ്റ് ഡെവലപ്മെന്റിന്റെ ഏജൻസി യോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്. പാർക്കിംഗ് ഫീസും തെന്മല, മീൻമുട്ടി എന്നിവിടങ്ങളിലെ പ്രവേശന നിരക്കും ഇതോടൊപ്പം വർദ്ധിപ്പിച്ചേക്കും.
നിരക്ക് വർദ്ധനവിനെതിരെ പ്രതിഷേധവുമായി വിവിധ സംഘടനകൾ രംഗത്തെത്തി. തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പൊന്മുടി സംരക്ഷണസമിതി ടൂറിസം മന്ത്രിക്ക് പരാതി നൽകി. പൊന്മുടിയിൽ നടക്കുന്ന ഗസ്റ്റ്ഹൗസ് നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി മന്ത്രി മുഹമ്മദ് റിയാസ് ഒരാഴ്ച മുൻപ് എത്തിയിരുന്നു. പൊന്മുടിയിൽ വിവിധ വികസനങ്ങൾ നടപ്പിലാക്കുമെന്ന് അന്ന് മന്ത്രി പ്രഖ്യാപിച്ചു. ഗസ്റ്റ്ഹൗസിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ഏറക്കുറെ പൂർത്തിയായി. ഓണത്തിന് ഉദ്ഘാടനം ചെയ്യാനാണ് തീരുമാനം.
സഞ്ചാരികൾക്ക് ഇരുട്ടടി
നിരക്ക് വർദ്ധന ടൂറിസ്റ്റുകളുടെ ഒഴുക്കിനെ ബാധിക്കുമെന്ന് നാട്ടുകാർ പറയുന്നു. പൊന്മുടിയിൽ നിലവിൽ സഞ്ചാരികളുടെ വൻ തിരക്കാണ്. പാസ് ഇനത്തിൽ വനംവകുപ്പിന് ലക്ഷക്കണക്കിന് രൂപയുടെ വരുമാനം ലഭിക്കുന്നുണ്ടെങ്കിലും യാതൊരു വികസനപ്രവർത്തനങ്ങളും നടപ്പിലാക്കിയിട്ടില്ല. അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതമൂലം സഞ്ചാരികൾ നട്ടംതിരിയുകയാണ്. ഫീസ് ഇരട്ടിപ്പിച്ച് സഞ്ചാരികളെ പിഴിയാനുള്ള തീരുമാനം തിരിച്ചടിയാകാനാണ് സാദ്ധ്യത.
ഹെലിപ്പാഡും റോപ്പ് വേയും കടലാസിൽ
മാറിവരുന്ന സർക്കാരുകൾ കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികളാണ് പൊന്മുടിക്കായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനായി ബഡ്ജറ്റിൽ തുക വകയിരുത്തുമെങ്കിലും ഭൂരിഭാഗവും കടലാസിലുറങ്ങുകയാണ്. പത്ത് വർഷം മുൻപ് യു.ഡി.എഫ് സർക്കാരിന്റെ ഭരണകാലത്ത് പൊന്മുടിയിൽ ഹെലിപ്പാഡ് നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ശേഷം എൽ.ഡി.എഫ് സർക്കാർ സഞ്ചാരികളെ ആകർഷിക്കുന്നതിനായി റോപ്പ് വേ നിർമ്മിക്കുമെന്നും വാഗ്ദ്ധാനം നടത്തി. എന്നാൽ രണ്ട് പദ്ധതികളും ജലരേഖയായി.
പൂട്ടുവീണു
കുട്ടികളുടെ ഇഷ്ടകേന്ദ്രമായിരുന്ന മാൻപാർക്ക് വർഷങ്ങൾക്കു മുൻപ് കാരണമില്ലാതെ അടച്ചുപൂട്ടി. ബീയർപാർലറിനും പൂട്ടുവീണു. ഡി.കെ.മുരളി എം.എൽ.എയുടെ ശ്രമഫലമായി സ്ഥലം കണ്ടെത്തി പുതിയ പൊലീസ് സ്റ്റേഷൻ നിർമ്മിച്ചിട്ടുണ്ട്. അനവധി നവീകരണ പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്.
പൊന്മുടിയിൽ പ്രവേശനഫീസ് വർദ്ധിപ്പിക്കാൻ അന്തിമതീരുമാനം കൈക്കൊണ്ടിട്ടില്ല. വനംവകുപ്പുമായി ആലോചിച്ച് സഞ്ചാരികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്തതരത്തിലുള്ള ഉചിതമായ തീരുമാനമെടുക്കും.
ഡി.കെ.മുരളി, എം.എൽ.എ