കിളിമാനൂർ: ഒരുകാലത്ത് ഗ്രാമങ്ങളിൽ വിനോദവും വിജ്ഞാനവും പകർന്നിരുന്ന റേഡിയോ,ടെലിവിഷൻ കിയോസ്കുകൾ ഇന്ന് നാശത്തിന്റെ വക്കിൽ. വീടുകളിൽ വൈദ്യുതിയും റേഡിയോയും ടെലിവിഷനും സർവസാധാരണമല്ലാതിരുന്ന കാലങ്ങളിലാണ് വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി പഞ്ചായത്തിന്റെ പ്രധാന ജംഗ്ഷനുകളിൽ കിയോസ്കുകൾ സ്ഥാപിച്ചിരുന്നത്. ആദ്യം റേഡിയോയും തുടർന്ന് ടെലിവിഷൻ കിയോസ്കുകളും സ്ഥാപിച്ചു.
ആദ്യകാലങ്ങളിൽ പ്രദേശവാസികൾ വൈകിട്ട് ഇവിടെ ഒത്തുകൂടി പരിപാടികൾ ആസ്വദിച്ചിരുന്നു. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും റേഡിയോ കിയോസ്കുകൾക്ക് മുന്നിൽ വൻ തിരക്കായിരുന്നത് പഴമക്കാർ ഓർത്തെടുക്കുന്നു. പിന്നീട് ടെലിവിഷൻ വന്നതോടെ ഞായറാഴ്ചകളിലെ വൈകുന്നേരങ്ങളിൽ സിനിമയും ക്രിക്കറ്റും ഫുട്ബാളും കാണാൻ എത്തുന്നവരുടെ വൻ തിരക്കായി.
ടെലിവിഷൻ എല്ലാ വീടുകളിലും വ്യാപകമായതോടെ ഈ കിയോസ്കുകൾ വിസ്മൃതിയിലുമായി. ഇന്ന് പല കിയോസ്കുകളും ഉപേക്ഷിക്കപ്പെട്ടും കാടുകയറിയും സാമൂഹ്യ വിരുദ്ധരുടെ താവളവുമായി മാറിയിട്ടുണ്ട്.
പുളിമാത്ത് പഞ്ചായത്തിലെ ചെറുകാരം,പന്തുവിള,കിളിമാനൂർ പഞ്ചായത്തിലെ ആർ.ആർ.വി ജംഗ്ഷൻ,പഴയ കുന്നുമ്മൽ പഞ്ചായത്തിലെ കുന്നുമ്മൽ എന്നിവിടങ്ങളിലെല്ലാം ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിയോസ്കുകളുണ്ട്.