പ്രദേശവാസികൾക്ക് കുടിക്കാൻ തുള്ളിയില്ല
ചിറയിൻകീഴ്: രണ്ട് മാസത്തിലേറെയായി പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകി പാഴായിട്ടും നടപടിയെടുക്കാതെ അധികൃതർ.പെരുങ്ങുഴി മേട ജംഗ്ഷൻ - പെരുങ്ങുഴി റെയിൽവേഗേറ്റ് റോഡിലാണ് പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നത്.പൈപ്പ് നന്നാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ജനപ്രതിനിധികളെയും വാട്ടർ അതോറിട്ടിയെയും അറിയിച്ചെങ്കിലും യാതൊരു ഫലവുമുണ്ടായില്ല.
റെയിൽവേ സ്റ്റേഷനിലേക്കും പെരുങ്ങുഴി ആറാട്ട് കടവിലേക്കും പോകുന്ന റോഡായതിനാൽ ദിനവും നിരവധി പേരാണ് ഇതുവഴി കടന്നുപോകുന്നത്. മാത്രവുമല്ല സ്കൂൾ വാഹനങ്ങൾ വന്ന് തിരിഞ്ഞുപോകുന്ന മൂന്ന് റോഡുകൾ സന്ധിക്കുന്ന ഒരു ഭാഗവും ഇതിനിടയിലുണ്ട്.ഈ ഭാഗത്താണെങ്കിൽ പൈപ്പ് വെള്ളം ഒഴുകിയെത്തി വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇവിടം കടന്നുവേണം സ്കൂൾ കുട്ടികൾക്കടക്കം വാഹനത്തിൽ കയറാൻ.
റോഡിൽ സ്ഥിരം വെള്ളക്കെട്ട് രൂപപ്പെട്ട് കിടക്കുന്നതിനാൽ എലിപ്പനിയടക്കമുള്ള പകർച്ചവ്യാധികൾ പടരുമോ എന്ന ഭയപ്പാടിലാണ് വഴിയാത്രക്കാർ. എത്രയും വേഗം പൈപ്പ് നന്നാക്കി റോഡ് ടാർ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ആറ്റിങ്ങൽ വാട്ടർ അതോറിട്ടിയുടെ കീഴിലെ പൈപ്പാണ് പൊട്ടിയത്.
കുടിവെള്ളമില്ല
പൈപ്പ് പൊട്ടിയതുമൂലം മറ്റ് പലയിടത്തും വെള്ളം കിട്ടുന്നില്ലെന്ന പരാതിയും വ്യാപകമാണ്.തീരദേശ മേഖലയായതിനാൽ പലയിടത്തും ഒാരു കലർന്ന കിണർ വെള്ളമാണുള്ളത്.
റോഡ് നിറയെ ഗർത്തം
മേട - ആറാട്ടുകടവ് റോഡിൽ വാട്ടർ കണക്ഷൻ കൊടുക്കാനായി റോഡിന് കുറുകെയെടുത്ത കുഴികൾ കോൺക്രീറ്റ് ചെയ്യാത്തത് കാരണം കുഴികളിൽ പലതും വൻ ഗർത്തങ്ങളായി മാറിയിട്ടുണ്ട്