കോവളം: ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം ഉദ്ഘാടനം ചെയ്തിട്ട് മാസം അഞ്ചായി. പക്ഷേ, തിരുവല്ലത്തെ സബ് രജിസ്ട്രാർ ഓഫീസ് ഇപ്പോഴും പ്രവർത്തിക്കുന്നത് വാടക കെട്ടിടത്തിൽ തന്നെയാണ്. വാടകയിനത്തിൽ ലക്ഷങ്ങൾ നഷ്ടമായിട്ടും പുതിയ കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റാൻ അധികൃതർക്ക് താത്പര്യമില്ല. കെട്ടിടത്തിന് രജിസ്ട്രേഷൻ സെക്രട്ടറി പ്രവർത്തനാനുമതി നൽകാത്തതാണ് ബന്ധപ്പെട്ടവർ പറയുന്ന പ്രധാന കാരണം. സ്വന്തം കെട്ടിടമുള്ളപ്പോൾ, സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് വാടകയിനത്തിൽ പൊതുപണം പാഴാക്കണോയെന്ന ചോദ്യത്തിന് മുട്ടാപ്പോക്ക് ന്യായങ്ങൾ നിരത്തുകയാണ് അധികൃതർ. പഴയ ഓഫീസിൽ നിന്ന് സാധനങ്ങൾ അടക്കം മാറ്റാൻ 85,000 രൂപ മതി. എന്നാൽ, വാടകയിനത്തിൽ അഞ്ചുമാസം കൊണ്ട് 1.75 ലക്ഷം ചെലവിട്ടവർക്ക് ഈ തുക നൽകാൻ മടിയാണ്.
കിഫ്ബിയിൽ നിന്ന് അനുവദിച്ച 1.35 കോടി ചെലവിട്ട് രണ്ട് നിലകളിലായി പണിത കെട്ടിടം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് മാർച്ചിൽ ഉദ്ഘാടനം ചെയ്തത്. 1962ൽ തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിനു സമീപത്തെ ഓഫീസ് കാലപ്പഴക്കത്തെ തുടർന്ന് 2018ൽ പൊളിച്ചുമാറ്റുകയായിരുന്നു. അന്നുമുതൽ തിരുവല്ലം - കരുമം റോഡിലെ മേനിലത്തെ വാടക കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. തിരുവല്ലം, വെങ്ങാനൂർ വില്ലേജുകളുടെ പരിധിയിൽ വരുന്ന ആധാരങ്ങൾ, ബാങ്ക് ചിട്ടി എന്നിവയുടെ പ്രധാന രജിസ്‌ട്രേഷൻ ഇവിടെയാണ് നടക്കുന്നത്. തിരുവല്ലം ജംഗ്ഷനിൽ ഇരുപതോളം ആധാരം എഴുത്ത് ഓഫീസുകളുണ്ട്. ഇവിടെനിന്ന് ഒരു കിലോമീറ്ററോളം സഞ്ചരിച്ചുവേണം ഉപഭോക്താക്കൾക്ക് മേനിലത്തെ സബ് രജിസ്ട്രാർ ഓഫീസിലെത്താൻ.
ബുദ്ധിമുട്ടുകൾ
സൗകര്യങ്ങളുടെ അപര്യാപ്തത
ജനങ്ങൾക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ട്
വാടകയിനത്തിൽ വൻ ബാദ്ധ്യത
പുതിയ കെട്ടിടത്തിന് ചെലവ്
1.35 കോടി
പ്രതിമാസം നൽകുന്ന വാടക
35,000 രൂപ
പുതിയ കെട്ടിടത്തിന് പ്രവർത്തനാനുമതി ലഭിച്ചാൽ മാത്രമേ മാറാനാവൂ
- സബ് രജിസ്ട്രാർ, തിരുവല്ലം ഓഫീസ്