photo

നെയ്യാറ്റിൻകര: കോടതി സമുച്ചയത്തിലെ കുടുംബ കോടതിയിൽ ജഡ്ജി മധുകുമാറിനെ അഭിഭാഷകസംഘം തടഞ്ഞുവച്ചു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ബാർ അസോസിയേഷൻ ഭാരവാഹികളായ പ്രതാപൻ, ആനാവൂർ വേലായുധൻ നായർ എന്നിവരുടെ നേതൃത്വത്തിലാണ് ജഡ്ജിക്കെതിരെ കൂക്കുവിളിയും മുദ്രാവാക്യം വിളിയും നടത്തിയത്. കുടുംബ കോടതിയിലെ ഒരു കേസുമായി ബന്ധപ്പെട്ട് അനൂപ് എന്ന അഭിഭാഷകനെതിരെ കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഇയാൾക്കെതിരെയുള്ള കേസിന്റെ ചാർജ് ഇന്നലെ കോടതിയിൽ വായിക്കുകയും അഭിഭാഷകനോട് ജാമ്യം എടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ചാണ് അഭിഭാഷകർ കോടതി ബഹിഷ്കരിച്ച് ജഡ്ജിനെ തടഞ്ഞുവച്ചത്. രണ്ട് മണിക്കൂറോളം കോടതിനടപടികൾ തടസപ്പെട്ടു. തുടർന്ന് നടന്ന ചർച്ചയിൽ അഭിഭാഷകനെതിരെ കേസെടുക്കില്ലെന്ന ഉറപ്പിൻമേൽ സമരം അവസാനിപ്പിച്ചു. കോടതി സമുച്ചയത്തിനുള്ളിലെ ഇത്തരം പ്രതിഷേധങ്ങൾ കോടതിയെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്ന് മുതിർന്ന അഭിഭാഷകർ അഭിപ്രായപ്പെട്ടു.