കിളിമാനൂർ: ആലിൻകായ പഴുക്കുമ്പോൾ കാക്കയ്ക്ക് വായിൽ പുണ്ണ് എന്ന അവസ്ഥയാണ് റബർ കർഷകരുടേത്. മുൻപെങ്ങുമില്ലാത്ത അത്രയും വിലയുള്ളപ്പോൾ റബർ വെട്ടാൻ പറ്റാത്ത അവസ്ഥയാണ് റബർ കർഷകരെ വലച്ചിരിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ആകെ റബർ വെട്ടാൻ കഴിഞ്ഞത് വിരലിലെണ്ണാവുന്ന ദിവസങ്ങളിൽ മാത്രമാണ്.

ഫെബ്രുവരി,മാർച്ച്,ഏപ്രിൽ മാസങ്ങളിൽ ഇല പൊഴിയുന്നതോടൊപ്പം റബറിന് വിശ്രമം നൽകും.മേയ് മാസത്തിൽ വീണ്ടും വെട്ട് ആരംഭിക്കേണ്ടതാണ്.എന്നാൽ മഴ കാരണം തുടർച്ചയായി ടാപ്പിംഗ് നടത്താൻ കഴിഞ്ഞിട്ടില്ല. വയൽ നികത്തിയും തെങ്ങും അടയ്ക്കയും മുറിച്ചുമാറ്റിയും മലയോരം മുഴുവൻ റബർ കൃഷി ചെയ്ത കർഷകരും ടാപ്പിംഗ് തൊഴിലാളികളും നിലവിൽ പട്ടിണിയിലാണ്.
ടാപ്പിംഗ് ഇല്ലാത്തതിനാൽ തൊഴിലാളികൾ മറ്റു പണികൾക്കു പോയിത്തുടങ്ങി. ചിലയിടങ്ങളിൽ റബർ ഉടമകൾ റബർ മരത്തിൽ കുരുമുളക് പടർത്തിത്തുടങ്ങി.

റബർ വില

കഴിഞ്ഞ വർഷം ഇതേസമയം 100 -120 രൂപ വരെ

ഇപ്പോൾ - 180 - 190 രൂപ വരെ

ഒട്ടുപാലിന് - 120- 130 രൂപ വരെ

തൊഴിലാളികളുടെ ദുരിതം

ടാപ്പിംഗ് തൊഴിലാളിക്ക് ഒരു മരത്തിന് 1.50 മുതൽ 2 രൂപ വരെ കൂലിയുണ്ട്. തുടർച്ചയായി ടാപ്പിംഗ് നടത്താത്തതിനാൽ റബർ മരങ്ങൾ ഒടിഞ്ഞുവീഴുന്നതും പതിവാണ്.

പണം മുടക്കിയത് നഷ്ടം

മഴയത്തും ടാപ്പിംഗ് നടത്താൻ മരങ്ങളിൽ മഴക്കോട്ട് സ്ഥാപിച്ചാലും ശക്തമായ മഴയിൽ ഇത് പരിഹാരമല്ലെന്ന് കർഷകർ പറയുന്നു. വേനൽ കഴിഞ്ഞ് ടാപ്പിംഗ് ആരംഭിച്ചപ്പോൾ ചില്ല്,ചിരട്ട,കമ്പി എന്നിവയ്ക്കായി തന്നെ നല്ലൊരു തുക ചെലവാക്കിയിട്ടുണ്ട്.