f

ശിവഗിരി: ആഗസ്റ്റ് 20ന് നടക്കുന്ന ഗുരുദേവ ജയന്തി ആഘോഷവും സെപ്‌തംബർ 21ലെ മഹാസമാധി ദിനാചരണവും ശ്രീനാരായണ ഭക്തരുടെ ജീവിതത്തിലെ പുണ്യദിനങ്ങളാണെന്നും ഈ ദിവസങ്ങളിൽ ഗുരുദേവനെ കേന്ദ്രീകരിച്ചുള്ള പരിപാടികൾക്ക് പ്രാധാന്യം നൽകണമെന്നും ശിവഗിരിമഠം അറിയിച്ചു.

ജയന്തിദിനത്തിൽ രാവിലെ വീടുകളിൽ ഗുരുദേവ ചിത്രത്തിന് മുന്നിൽ കുടുംബാംഗങ്ങൾ ഗുരുപുഷ്പാഞ്ജലി ജപം, ശ്രീനാരായണ അഷ്ടോത്തര ശതനാമാവലി പാരായണം എന്നിവ നടത്തണം. തുടർന്ന് ശ്രീനാരായണീയ ക്ഷേത്രങ്ങൾ,ഗുരുമന്ദിരങ്ങൾ, എസ്.എൻ.ഡി.പി ശാഖാ മന്ദിരങ്ങൾ,ഗുരുധർമ്മപ്രചാരണസഭാ മന്ദിരങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള ഘോഷയാത്രകൾ,സമ്മേളനങ്ങൾ,പ്രഭാഷണങ്ങൾ,ഗുരുദേവ സമാരാധന തുടങ്ങിയ പരിപാടികളിൽ പങ്കെടുക്കണം. ഗുരുജയന്തി മുതൽ മഹാസമാധി ദിനം വരെയുള്ള ദിവസങ്ങളിൽ രാവിലെയും വൈകിട്ടും അഷ്ടൈശ്വര്യനാമജപവും നടത്താം.

ഗുരുദേവ ജയന്തിയിൽ

തിരു അവതാര പൂജ

ഗുരുദേവൻ തിരുഅവതാരം ചെയ്‌തത് 1855 ആഗസ്റ്റ് 28ന് (ചിങ്ങം 14 ചൊവ്വാഴ്ച്) പുലർച്ചെ 6.15നായിരുന്നു. ഭക്തജനങ്ങൾ രാവിലെ 6 മുതൽ 6.30 വരെ പ്രാർത്ഥന,ജപം,ധ്യാനം എന്നിവയിലും ഗുരുപൂജയിലും മുഴുകണം. തിരു അവതാര മുഹൂർത്ത പൂജയ്‌ക്കായി ശ്രീനാരായണീയർ മുന്നിട്ടിറങ്ങണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.

ശ്രീനാരായണ മാസാചരണം

ആഗസ്റ്റ് 17ന് ആരംഭിക്കുന്ന ശ്രീനാരായണ മാസാചരണത്തിന്റെ ഭാഗമായി ശിവഗിരി മഠം ആഹ്വാനം ചെയ്‌ത ധർമ്മചര്യായജ്ഞത്തിനും അന്ന് തുടക്കമാകും. ഭക്തർ ഭവനങ്ങളിലും ഗുരുമന്ദിരങ്ങളിലും ക്ഷേത്രങ്ങളിലും വിശേഷാൽ ചടങ്ങുകൾ സംഘടിപ്പിക്കും. ഗുരുദേവ സമാധിദിനത്തിന് പിന്നാലെ സ്വാമി ബോധാനന്ദയുടെ സമാധിദിനം വരെ ധർമ്മചര്യായജ്ഞം തുടരും. ജയന്തി വാരാചരണത്തിന്റെ ഭാഗമായി ശുചീകരണം,ജീവകാരുണ്യ പ്രവർത്തനങ്ങൾ,നിർദ്ധനർക്ക് ഭക്ഷ്യക്കിറ്റുവിതരണം എന്നിവയും നിർവഹിക്കണമെന്ന് മഠം അറിയിച്ചു. ഗുരുദേവ ജയന്തിക്ക് ശേഷമാണ് ഇത്തവണ തിരുവോണം. നാട്ടിലെത്തുന്ന പ്രവാസി കുടുംബങ്ങൾക്ക് സെപ്‌തംബർ 16,17 തീയതികളിൽ ശിവഗിരി മഠം സംഘടിപ്പിക്കുന്ന ആഗോള പ്രവാസിസംഗമത്തിൽ പങ്കെടുക്കാനുള്ള അവസരവുമുണ്ട്.