മുടപുരം: പാലകുന്ന് വലിയേലയിൽ ആദ്യമായി പോകുന്നവർ തെല്ലൊന്ന് അമ്പരക്കും.റോഡെന്നു പറഞ്ഞ് നാട്ടുകാർ കാണിക്കുന്ന സ്ഥലം തോട് പോലെ വെള്ളം നിറഞ്ഞ പ്രദേശമാണ്.ശക്തമായ മഴ പെയ്തതോടെ പാലകുന്ന് - വലിയേല റോഡിൽ മുട്ടൊപ്പമാണ് വെള്ളം പൊങ്ങിയിരിക്കുന്നത്.
ചിറയിൻകീഴ് - കോരാണി റോഡിൽ പാലകുന്ന് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് ശ്രീ ധർമ്മശാസ്താ ക്ഷേത്രം,ആശ്രയ വയോജന കേന്ദ്രം,പകൽ വീട് തുടങ്ങിയവയ്ക്ക് മുന്നിലൂടെയാണ് റോഡ് വലിയേലയിൽ എത്തുന്നത്.
സമീപത്തെ ആശ്രയ പകൽവീടിന് മുന്നിലാണ് കൂടുതൽ സമയം വെള്ളം കെട്ടിനിൽക്കുന്നത്. 30ലെറെ പേർ ആശ്രയിക്കുന്ന പകൽവീടാണിത്. ഓട വഴി വെള്ളം ഒഴുകിപ്പോകാത്തതിനാലാണ് റോഡിൽ വെള്ളം കെട്ടിനിൽക്കുന്നതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.അതിനാൽ അടഞ്ഞുകിടക്കുന്ന ഓട അടിയന്തരമായി വൃത്തിയാക്കി വെള്ളം ഒഴുകിപ്പോകാൻ വഴിയൊരുക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് ഇവരുടെ ആവശ്യം.ഒപ്പം റോഡ് റീ ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കുകയും വേണം.
റോഡ് സ്ഥിതി ചെയ്യുന്നത്- കിഴുവിലം ഗ്രാമപഞ്ചായത്തിൽ
നന്നാക്കാതെ റോഡ്
റോഡ് ടാർ ചെയ്തിട്ട് വർഷങ്ങളായി.അതിനാൽ റോഡിന്റെ മിക്ക ഭാഗങ്ങളിലും ടാറും മെറ്റലും ഇളകി കുണ്ടും കുഴിയുമായി കിടക്കുകയാണ്.
മാലിന്യം മൂടി ഓട
മഴക്കാല പൂർവ ശുചീകരണമില്ലാത്തതിനാൽ പ്രദേശത്തെ ഓട മാലിന്യം മൂടി കിടക്കുകയാണ്. അതിനാൽ മഴ പെയ്താൽ ഓടയിലൂടെ വെള്ളം ഒഴുകി പോകാതെ രണ്ടും മൂന്നും മണിക്കൂറിലേറെ സമയം റോഡ് മുഴുവൻ വെള്ളക്കെട്ടായി മാറും. പിന്നെ കാൽനട - വാഹനങ്ങൾക്ക് യാത്ര ചെയ്യാൻ കഴിയില്ല.
കുട്ടികളുടെ യാത്രാദുരിതം
സമീപത്തെ പാലവിള യു.പി സ്കൂളിലേക്ക് കൊച്ചു കുട്ടികളടക്കം ഈ റോഡ് വഴി കാൽനടയായാണ് പോകുന്നത്.മഴക്കാലത്ത് റോഡ് മുഴുവൻ വെള്ളം കെട്ടിനിൽക്കുന്നതിനാൽ രക്ഷകർത്താക്കൾക്ക് ഒപ്പമാണ് കുട്ടികൾ പോകുന്നതെങ്കിലും പലപ്പോഴും കാൽതെറ്റിയും ഗട്ടറിലകപ്പെടും വീഴാറുണ്ട്.