തിരുവനന്തപുരം: ശുചീകരണ തൊഴിലാളിയുടെ ജീവൻ ബലി നൽകേണ്ടി വന്നതിനു പിന്നാലെ മാലിന്യവാഹിനിയായ ആമയിഴഞ്ചാൻ തോടിനെ സംരക്ഷിക്കാൻ സ്‌പെഷ്യൽ സെൽ രൂപീകരിച്ച് നഗരസഭ. മാലിന്യം തള്ളുന്നത് തടയുക,​ അത്തരക്കാർക്കെതിരെ നടപടിയെടുക്കുക തുടങ്ങിയവാണ് സെല്ലിന്റെ ലക്ഷ്യം. ആദ്യഘട്ടത്തിൽ തോടിന്റെ 6.8 കിലോമീറ്റർ ശുചീകരണവും സംരക്ഷണവുമാണുള്ളത്. അടുത്ത മാസത്തോടുകൂടി ശേഷിക്കുന്ന ഭാഗങ്ങൾ ശുചീകരിച്ച് സംരക്ഷിക്കും. ഇന്റഗ്രേറ്റഡ് കമാൻഡ് കൺട്രോൾ സെന്റർ പ്രവർത്തനം ആരംഭിക്കുന്നതോടെ 24 മണിക്കൂറും നഗരം ക്യാമറ നിരീക്ഷണത്തിലാകും. തോടിന്റെ വശങ്ങളിൽ മാത്രം 54 ക്യാമറകൾ സ്ഥാപിക്കും. സ്‌പെഷ്യൽ സെല്ലിൽ കൗൺസിലർമാർ കൺവീനർമാരായി ജനകീയ സമിതികൾ രൂപീകരിക്കും. വാർഡുകളിലെ ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ‌ ഹെൽത്ത് ഇൻസ്പെക്ടർ എന്നിവർക്കാണ് ചുമതല. റസിഡന്റ്സ് അസോസിയേഷനുകളിലെ പ്രതിനിധികളും ഉണ്ടാവും. മഴക്കാലത്തിനു മുമ്പ് തോട് ക്ളീനാക്കും. ഇറിഗേഷൻ വകുപ്പിനാണ് ഏകോപനച്ചുമതല.

മാലിന്യമൊഴുക്ക് ഇപ്പോഴും

1600 പൈപ്പുകൾ വഴി വമ്പൻ കെട്ടിടങ്ങളും സ്ഥാപനങ്ങളും നഗരത്തിലെ ജലാശയങ്ങളിലേക്ക് മാലിന്യം നിക്ഷേപിക്കുന്നുണ്ട്. പല സ്ഥാപനങ്ങൾക്ക് ഇതിനോടകം നോട്ടീസ് നൽകി. എന്നാൽ,​ ഭരണസമിതിക്ക് താത്പര്യമുള്ള സ്ഥാപനങ്ങളെ തൊട്ടിട്ടില്ല. അതേസമയം,​ റെയിൽവേയുടെ മാലിന്യങ്ങൾ ആമയിഴഞ്ചാൻ തോട്ടിലേക്ക് ഇപ്പോഴും എത്തുന്നുണ്ട്. സെല്ലിന്റെ കാര്യത്തിൽ റെയിൽവേ നഗരസഭയുമായി സഹകരിക്കുന്നുമില്ല. രാജാജി നഗറിലെ മാലിന്യ ശേഖരിക്കുന്നതും നഗരസഭ നിറുത്തി. അതും ഇപ്പോൾ തോട്ടിലേക്കാണ് ഒഴുക്കുന്നത്. കഴിഞ്ഞ ദിവസം സ്മാർട്ട് സിറ്റി ജോലിക്കിടെ പ്രമുഖ സ്ഥാപനത്തിന്റെ മാലിന്യ പൈപ്പ് പൊട്ടിയിരുന്നു. ഇത് പരിഹരിക്കാത്തതുമൂലം സ്ഥാപനത്തിന്റെ മാലിന്യ ടാങ്ക് നിറഞ്ഞു. നിവൃത്തിയില്ലാതെ അവർ മാലിന്യം തോട്ടിലേക്ക് ഒഴുക്കിയിരുന്നു.

സെല്ലിന്റെ ഘടന

ചെയർമാൻ: മേയർ

കോ -ചെയർമാൻ: ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ

കൺവീനർ: നഗരസഭാ സെക്രട്ടറി

 ആദ്യഘട്ട ശുചീകരണം

തമ്പാനൂർ, പാളയം, വഞ്ചിയൂർ, ശ്രീകണ്ഠേശ്വരം, പേട്ട, കണ്ണമ്മൂല, പാൽക്കുളങ്ങര വാർഡുകളിൽ