vi

കിളിമാനൂർ: സ്കൂൾ കുട്ടികളുമായി വന്ന ബസ് പൈപ്പ് ലൈനിന് കുഴിച്ച കുഴിയിൽ വീണ് ചരിഞ്ഞു. ഐരുമൂല ക്ഷേത്ര റോഡിൽ ഇന്നലെയായിരുന്നു അപകടം.18ഓളം വിദ്യാർത്ഥികൾ സംഭവസമയം ബസിലുണ്ടായിരുന്നു.കുഴിയിൽ വീണ് മറിഞ്ഞെങ്കിലും ബസ് അതിരിൽ തട്ടി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി.ആർക്കും പരിക്കില്ല.കിളിമാനൂർ ടൗൺ യു.പി.എസിലെ സ്കൂൾ ബസാണ് അപകടത്തിൽപ്പെട്ടത്. പൈപ്പ് ലൈൻ സ്ഥാപിച്ചെങ്കിലും കുഴി ശരിയായി മണ്ണിട്ട് മൂടി ഉറപ്പിക്കാത്തതിനാലാണ് അപകടമുണ്ടായത്.

ഇവിടെ അപകടങ്ങൾ പതിവായതിനെ തുടർന്ന് കുഴി മൂടി മണ്ണിട്ട് ഉറപ്പിച്ച് അപകടം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷൻ കിളിമാനൂർ ഗ്രാമപഞ്ചായത്തിൽ പരാതി നൽകിയിട്ട് ദിവസങ്ങളായെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാത്തതിനാൽ നാട്ടുകാർ കുഴിയിൽ വാഴ വച്ച് പ്രതിഷേധിച്ചു. കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ നിരവധി റോഡുകൾ ഇത്തരത്തിൽ വെട്ടിക്കുഴിച്ച് ഗതാഗതയോഗ്യമല്ലാതായിട്ടുണ്ടെങ്കിലും അധികാരികൾ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്ന് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.