obit

നെടുമങ്ങാട്: കരമനയാറ്റിൽ ഒഴുക്കിൽപ്പെട്ട മുൻ എക്സൈസ് ഉദ്യോഗസ്ഥൻ നെടുമങ്ങാട് പത്താംകല്ല് കൈതവനം വീട്ടിൽ എൻ. കൃഷ്ണപിള്ളയുടെ (85) മൃതദേഹം മുളങ്കാട്ടിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി. ഫയർഫോഴ്‌സ് സ്‌കൂബാ ടീമിന്റെ നാല് ദിവസത്തെ തിരച്ചിലിനൊടുവിൽ ഇന്നലെ രാവിലെ ഇരുമ്പ ക്ഷേത്ര കടവിൽ നിന്ന് നൂറു മീറ്റർ മാറി കല്ലുവരമ്പ്‌ ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ കൊച്ചുമക്കൾക്ക് വേണ്ടിയുള്ള നേർച്ച തീർക്കാൻ ഇരുമ്പ ക്ഷേത്രത്തിലേയ്ക്ക് പുറപ്പെട്ട കൃഷ്ണപിള്ളയുടെ കാർ ആറ്റു കടവിൽ പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. പൂജാ സാമഗ്രികളും ധരിച്ചിരുന്ന മുണ്ടും ഷർട്ടും കാറിൽ കണ്ടെത്തി. സോപ്പും ടൂത്ത് ബ്രഷും കുളിക്കടവിലുണ്ടായിരുന്നു. ദർശനത്തിനു മുമ്പ് കുളിക്കുന്നതിനിടെ, ഒഴുക്കിൽപ്പെട്ട് മുളങ്കാട്ടിൽ കുടുങ്ങിയതാകാമെന്ന് അരുവിക്കര പൊലീസ് പറഞ്ഞു. സ്‌കൂബാ ടീമിലെ കെ.സുജയൻ, വിദ്യാരാജ്, സജി, ശിവഗണേഷ്, ബൈജു, അനു,അഭിലാഷ്,രാഹുൽ,സിബി എന്നിവരാണ് ആറ്റിൽ മുങ്ങിത്തപ്പിയത്. കൃഷ്ണപിള്ള പത്താംകല്ല് എൻ.എസ്.എസ് കരയോഗത്തിൽ ദീർഘകാലം പ്രസിഡന്റായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം വൈകിട്ടോടെ കല്ലമ്പാറയിലെ ശാന്തിതീരം പൊതുശ്മശാനത്തിൽ സംസ്കരിച്ചു. ഇളവട്ടത്ത് പഞ്ചായത്ത് സ്‌കൂളിൽ അദ്ധ്യാപികയായിരുന്ന പരേതയായ ലളിതമ്മയാണ് ഭാര്യ. മകൾ: വൃന്ദ (അദ്ധ്യാപിക, നന്ദിയോട് എസ്.കെ.വി.എച്ച്.എസ്.എസ്), മരുമകൻ: അനിൽകുമാർ (വിദ്യാഭ്യാസ ഡയറക്ടറേറ്റ്). സഞ്ചയനം 28ന് രാവിലെ 9ന്.