1

വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമാകുന്നതിന് മുന്നോടിയായി ലോകത്തെ മികച്ച ഷിപ് ലൈനേഴ്‌സ് കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തും. മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (എം.എസ്‌.സി) തിരുവനന്തപുരത്ത് ഓഫീസ് തുറന്ന് രണ്ടു ജീവനക്കാരെ താത്കാലികമായി നിയമിച്ചു. കൂടുതൽ ഷിപ്പിംഗ് കമ്പനികൾ ഓഫീസുകൾ ആരംഭിക്കാനുള്ള നടപടികളും തുടങ്ങി. കൊച്ചിയെക്കാൾ കപ്പൽ ചാനൽ അടുത്താണെന്നതും പുതിയ തുറമുഖമെന്ന ആനുകൂല്യവുമാണ് കമ്പനികളെ വിഴിഞ്ഞത്തേക്ക് ആകർഷിക്കുന്നത്. നിക്ഷേപ സാദ്ധ്യതയും ബിസിനസും കണക്കിലെടുത്ത് രാജ്യത്തെ മുൻനിര ബാങ്കുകൾ വിഴിഞ്ഞത്ത് ശാഖകൾ ആരംഭിച്ചിട്ടുണ്ട്.

അതേസമയം,​ വിഴിഞ്ഞത്തേക്ക് ഇനി അടുത്തമാസം മാത്രമേ കപ്പലെത്തൂ. നാളെ (26)​ എത്തുമെന്നു സൂചനയുണ്ടായിരുന്ന അമ്മക്കപ്പൽ എം.എസ്‌.സി റോമ മുന്ദ്ര തുറമുഖത്തേക്കാണ് പോകുക. ആഗസ്റ്റ് 5ന് ഏറ്റവും വലിയ അമ്മക്കപ്പൽ എത്തുമെന്ന് അധികൃതർ സൂചിപ്പിച്ചു. ഗോവയിൽ കടലിൽ അഗ്നിബാധയുണ്ടായ കപ്പലിനെ വിഴിഞ്ഞത്തെത്തിക്കുമെന്നും അഭ്യൂഹമുണ്ട്.

 ആകാശ നിരീക്ഷണവും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പൂർണമായും പ്രവർത്തനസജ്ജമാകുന്ന സാഹചര്യത്തിൽ കോസ്റ്റൽ പൊലീസ് ഹെലികോപ്ടർ നിരീക്ഷണവും തുടങ്ങി. സർക്കാർ വാടകയ്ക്കെടുത്ത

ചിപ്സൺ എന്ന ഹെലികോപ്ടറാണ് നിരീക്ഷണത്തിന് എത്തിയത്. വിഴിഞ്ഞം, പൂവാർ, അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസുകൾ സംയുക്തമായാണ് നിരീക്ഷണം നടത്തുന്നത്. കോവളത്തു നിന്ന് വർക്കല കാപ്പിൽ വരെയുള്ള തീരദേശവും സമീപത്തെ കരപ്രദേശവും നിരീക്ഷിച്ചു. വിഴിഞ്ഞം കോസ്റ്റൽ പൊലീസ് എസ്.ഐ വി.എസ്.വിപിൻ, അഞ്ചുതെങ്ങ് എസ്.ഐ ചന്ദ്രദാസ്, പൂവാർ എസ്.ഐ ബിജു എന്നിവരാണ് നേതൃത്വം നൽകിയത്. ഹെലികോപ്ടറിന് സ്വകാര്യ ഹോട്ടലിന്റെ ഹെലിപാഡ് ഉപയോഗിക്കേണ്ടിവന്ന പശ്ചാത്തലത്തിൽ അന്താരാഷ്ട്ര തുറമുഖത്ത് ഹെലിപാഡ് സ്ഥാപിക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.