കഴക്കൂട്ടം: പള്ളിപ്പുറം ടെക്നോസിറ്റി പ്രദേശത്ത് ജനങ്ങളിൽ ഭീതിപരത്തി കാട്ടുപോത്ത്. ചൊവ്വാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയുമാണ് കാട്ടുപോത്തിനെ കണ്ടത്. കുട്ടികൾ കളിച്ചുകൊണ്ടിരുന്ന ഗ്രൗണ്ടിന് സമീപത്താണ് കാട്ടുപോത്ത് ആദ്യം എത്തിയത്. ടെക്നോസിറ്റിയോട് ചേർന്നുകിടക്കുന്ന പുരയിടത്തിലും കാടുപിടിച്ച സ്ഥലത്തും മേയുകയായിരുന്നു കാട്ടുപോത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ വീട്ടുകാർ പകർത്തി പഞ്ചായത്ത് അധികൃതരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കാൽപ്പാടുകൾ പരിശോധിച്ച് കാട്ടുപോത്താണെന്ന് ഉറപ്പിച്ച ശേഷമാണ് പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. കാട്ടുപോത്ത് പാലോട് വനത്തിൽ നിന്നാകാം എത്തിയതെന്നും പിടിക്കാനുള്ള ശ്രമം തുടരുകയാണെന്നും ഡി.എഫ്.ഒ അനിൽ പറഞ്ഞു. അതേസമയം,​ ആരുടെയും കണ്ണിൽപ്പെടാതെ കിലോമീറ്ററുകൾ കാട്ടുപോത്ത് എത്തിയതെങ്ങനെയെന്ന് വ്യക്തമായിട്ടില്ല.

ആദ്യം കാരമൂട് പ്രദേശത്ത് നിലയുറപ്പിച്ച കാട്ടുപോത്തിനെ പടക്കം പൊട്ടിച്ച് പിടികൂടാൻ ശ്രമിച്ചെങ്കിലും ടെക്നോസിറ്റി പ്രദേശത്തെ കാട്ടിലേക്ക് മറയുകയായിരുന്നു. തുടർന്ന് ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ടെക്നോസിറ്റിക്കടുത്തുള്ള കാട്ടിലാണ് കാട്ടുപോത്തെന്ന് ഡി.എഫ്.ഒ പറഞ്ഞു. മയക്കുവെടി വയ്‌ക്കാനുള്ള ശ്രമം തുടരുകയാണെന്നും ഓടിമറയുന്നതിനാൽ എളുപ്പത്തിൽ അത് സാദ്ധ്യമല്ല.

പ്രദേശത്ത് പുല്ലും വെള്ളവും ധാരാളമുള്ളതിനാൽ കാട്ടുപോത്ത് മനുഷ്യർക്ക് ശല്യമുണ്ടാക്കാനിടയില്ല. എന്നാൽ,​ ജനങ്ങൾ ജാഗ്രത പുലർത്തണം. കാട്ടുപോത്തിനെ പിടികൂടാനുള്ള നടപടികൾ തുടങ്ങുമ്പോൾ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കും. ഇതിനുശേഷമേ മയക്കുവെടി വയ്‌ക്കൂ. പാലോട്,​ പരുത്തിപ്പള്ളി,​ കുളത്തൂപ്പുഴ തുടങ്ങിയ റേഞ്ചിലെ അറുപതോളം വനംവകുപ്പ് ഉദ്യോഗസ്ഥരും മംഗലപുരം പൊലീസും ഫയർഫോഴ്സും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. തിരച്ചിൽ ഇന്നും തുടരും. പ്രദേശത്ത് കാട്ടുപന്നികൾ ധാരാളമായുണ്ടെങ്കിലും കാട്ടുപോത്തിനെ കണ്ടെത്തുന്നത് ആദ്യമാണ്. ടെക്നോസിറ്റിയോട് ചേർന്നുള്ള 400 ഏക്കറിലെ കൂടുതൽ സ്ഥലവും കാടുപിടിച്ചു കിടക്കുകയാണ്.