budget

തിരുവനന്തപുരം:വികസനത്തിൽ അവഗണിച്ചെങ്കിലും വരുമാനത്തിൽ കേരളം മുന്നിലാണെന്ന് റെയിൽവേയുടെ റിപ്പോർട്ട്. ചരക്ക് വരുമാനത്തിൽ 20%ഉം യാത്രാവരുമാനത്തിൽ 12%ഉം വർദ്ധനയുണ്ട്. എന്നാൽ സംസ്ഥാനത്തിന് അനുവദിച്ച തുകയിൽ കാര്യമായ വർദ്ധനയില്ല. 3011കോടി മാത്രം. കഴിഞ്ഞ വർഷത്തെക്കാൾ കൂടുതലും യു.പി.എ ഭരണകാലത്തെക്കാൾ എട്ടിരട്ടി കൂടുതലുമാണിതെന്നാണ് പറയുന്നത്. തമിഴ്നാടിന് 6362കോടി അനുവദിച്ചു​.

സംസ്ഥാനത്തോടുള്ള കേന്ദ്ര അവഗണന റെയിൽവേ വികസന പദ്ധതികളോടുമുണ്ട്. സംസ്ഥാനത്തെ റെയിൽവേ സർവ്വീസ് വർദ്ധിപ്പിക്കാൻ ഉതകുന്ന നേമം കോച്ചിംഗ് ടെർമിനലിന്റെ കാര്യത്തിൽ ഉറപ്പൊന്നും പറയുന്നില്ല. പദ്ധതി പരിഗണിക്കുന്നുണ്ടെന്നും എല്ലാവശങ്ങളും വിലയിരുത്തിയ ശേഷം തീരുമാനിക്കുമെന്നാണ് ഇന്നലെ റെയിൽവേ മന്ത്രി നടത്തിയ വാർത്താസമ്മേളനത്തിന് ശേഷം റെയിൽവേ അധികൃതരുടെ വിശദീകരണം.

117കോടി ചെലവുള്ള നേമം കോച്ചിംഗ് ടെർമിനൽ പൂർത്തിയായാൽ കൊച്ചുവേളി, നേമം, തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനുകളുടെ സൗകര്യം വർദ്ധിക്കും. ആഭ്യന്തര സർവ്വീസുകളുൾപ്പെടെ വികസിപ്പിക്കാം. ഇതിനായി സ്ഥലവും ഏറ്റെടുത്തിട്ടുണ്ട്. ഉടൻ പൂർത്തിയാക്കാവുന്ന പദ്ധതിയാണിത്.

അമൃത് ഭാരത് പദ്ധതിയിൽ തിരുവനന്തപുരവും വർക്കലയും ഉൾപ്പടെ സംസ്ഥാനത്തെ 15 റെയിൽവേ സ്റ്റേഷനുകൾ മോടിപിടിപ്പിക്കും. ട്രെയിനുകളുടെ വേഗത 90കിലോമീറ്ററിൽ നിന്ന് 110കിലോമീറ്ററാക്കും എന്നാണ് റെയിൽവേ പറയുന്നത്. വിഴിഞ്ഞം തുറമുഖത്തെ മെയിൻ റെയിൽവേ ലൈനുമായി ബന്ധിപ്പിക്കുന്നതും ശബരി പാതയും ഷൊർണ്ണൂർ - എറണാകുളം മൂന്നാം പാതയും സംബന്ധിച്ച സാദ്ധ്യതാ പഠനങ്ങളാണ് ഇത്തവണ നടത്തുക. അതെല്ലാം ഇനിയും വൈകുമെന്നർത്ഥം.

കന്യാകുമാരി - തിരുവനന്തപുരം,​ എറണാകുളം - കായംകുളം പാതകൾ ഇരട്ടിപ്പിക്കലും മുന്നോട്ട് കൊണ്ടുപോകും. ഇതിന് തുക അനുവദിച്ചിട്ടുണ്ട്.