തിരുവനന്തപുരം: രാത്രിയിൽ മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ടുള്ള പൊലീസ് നടപടികളിൽ താമസം നേരിടുന്നത് ഒഴിവാക്കാൻ പൊലീസ് നോഡർ ഓഫീസറെ നിയോഗിച്ചു. കൺട്രോൾ റൂം എ.സി.പി എം.ഐ.ഷാജിക്കാണ് ചുമതല. മാലിന്യം തള്ളുന്നവരെയും അത് തടയാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെയും ആക്രമിച്ചാൽ അപ്പോൾത്തന്നെ നടപടിയുണ്ടാകും. ഇനിമുതൽ പൊലീസ് നേരിട്ട് പ്രതികളെ കസ്റ്റഡിയിലെടുക്കും. നിലവിൽ നടപടികൾക്കായി കോർപ്പറേഷൻ ഉദ്യോഗസ്ഥരും സ്റ്റേഷനിൽ എത്തണമായിരുന്നു.
ഇന്നലെയും മാലിന്യം തള്ളി
തോടുകളിൽ മാലിന്യം തള്ളിയവരിൽ നിന്ന് ഇന്നലെ കോർപ്പറേഷൻ പിഴയായി ഈടാക്കിയത് 62,090 രൂപ. ചൊവ്വാഴ്ചത്തെ രാത്രിസ്‌ക്വാഡ് 12,030 രൂപയും ഇന്നലെ രാവിലെത്തെ സ്‌ക്വാഡ് 50,030 രൂപയുമാണ് പിഴയിട്ടത്. പൊതുയിടത്തിൽ മാലിന്യംതള്ളിയതിന് ഉള്ളൂരുള്ള ഫുഡ്‌പ്രൊഡക്ട്സ് കമ്പനിക്ക് നോട്ടീസ് നൽകി. ആമയിഴഞ്ചാൻ തോട്ടിലും കരമനയാറ്റിലും പൊതുയിടത്തും മാലിന്യംതള്ളിയ മൂന്ന് ഇരുചക്രവാഹനങ്ങളും പിടികൂടി. വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാൻ കോർപ്പറേഷൻ അതത് വകുപ്പുകളോട് നിർദ്ദേശിച്ചിട്ടുണ്ട്.
പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
ബിയർ കുപ്പി തോട്ടിൽ വലിച്ചെറിഞ്ഞത് തടയാൻ ശ്രമിച്ച കോർപറേഷൻ ജീവനക്കാരെ മർദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.വഞ്ചിയൂർ സ്വദേശി മഹേഷാണ് യുവാവാണ് വഞ്ചിയൂർ പൊലീസിന്റെ പിടിയിലായത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. ശനിയാഴ്‌ച രാത്രി ആരോഗ്യ സ്ക്വാഡിന്റെ പരിശോധനയിൽ ആമയിഴഞ്ചാൻ തോട്ടിൽ ബിയർ കുപ്പികൾ വലിച്ചെറിഞ്ഞതിന് മൊബൈൽ സ്ഥാപനത്തിലെ ജീവനക്കാർക്ക് പിഴയിട്ടിരുന്നു. എന്നാൽ, ഇതേസംഘം തിങ്കളാഴ്ച വീണ്ടും തോട്ടിലേക്ക് കുപ്പികൾ വലിച്ചെറിയുകയും തടയാൻ ശ്രമിച്ച രാഹുൽ, രാജീവ് എന്നീ ജീവനക്കാരെ ആക്രമിച്ചശേഷം ഇരുചക്ര വാഹനത്തിൽ കടന്നുകളയുകയുമായിരുന്നു.