ചിറയിൻകീഴ്: പേപ്പട്ടി ആക്രമണ പേടിയിൽ മുരുക്കുംപുഴ നിവാസികൾ. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ സ്ത്രീകൾക്കും കുട്ടികളുമടക്കം പത്തിലേറെ പേർ പേപ്പട്ടിയുടെ ആക്രമണത്തിന് ഇരകളായി. ചിലരുടെ മുറിവുകൾ ഗുരുതരമാണ്. മാത്രമല്ല ഈ പ്രദേശത്തെ മിക്കവാറും പട്ടികളെ പേപ്പട്ടി കടിക്കുകയും ചെയ്തു.ഇത് പ്രദേശത്തെ മുഴുവൻ ആശങ്കയിലാക്കിയിട്ടുണ്ട്.
കമ്പും വടികളുമായാണ് ജനങ്ങൾ ഇപ്പോൾ റോഡിലൂടെ നടക്കുന്നത്. മംഗലപുരം ഗ്രാമപഞ്ചായത്ത് അധികൃതർക്ക് പരാതികൾ നൽകിയെങ്കിലും നടപടിയെടുത്തില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. നിലവിലെ സ്ഥിതിക്ക് പരിഹാരമുണ്ടാക്കാൻ ഗ്രാമപഞ്ചായത്ത് അടിയന്തരമായി ഇടപെടണമെന്നും പേപ്പട്ടിയുടെ ആക്രമണത്തിനു വിധേയരായവർക്ക് ചികിത്സാചെലവും നഷ്ടപരിഹാരവും നൽകണമെന്ന് സർവോദയ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് മുരുക്കുംപുഴ സി.രാജേന്ദ്രൻ,സെക്രട്ടറി ജി.സുദർശനൻ എന്നിവർ പഞ്ചായത്ത് ഭാരവാഹികൾക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഭീതിയിൽ
മുരുക്കുംപുഴ കടവ്,ആറാട്ടുമുക്ക്,തലമുക്ക്,ബാവാ കോളനി,മാർക്കറ്റ് ജംഗ്ഷൻ,ബേക്കറി മുക്ക്,വില്ലേജ് ഓഫീസ്,സബ് രജിസ്ട്രാർ ഓഫീസ്,മൃഗാശുപത്രി,ആയുർവേദ ആശുപത്രി എന്നീ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളെല്ലാം നായ്ക്കളുടെ ആക്രമണ ഭീതിയിലാണ്.