railway

തമിഴ്‌നാട്ടിൽ റെയിൽവേ വികസന പദ്ധതികൾ അതിവേഗമാണ് മുന്നേറുന്നത്. എന്നാൽ തൊട്ടടുത്തു കിടക്കുന്ന കേരളത്തിൽ പദ്ധതികൾ പലതും വഴിമുട്ടിനിൽക്കുന്നു. മധുര - തൂത്തുക്കുടി ലൈൻ ഇരട്ടിപ്പിക്കൽ 1890 കോടി രൂപ ചെലവിൽ പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തത് അടുത്തിടെയാണ്. കന്യാകുമാരിപ്പാത ഇരട്ടിപ്പിക്കലിൽ തമിഴ്‌നാട് ഭാഗത്ത് പണികൾ വേഗത്തിൽ നടക്കുമ്പോൾ അതിർത്തിക്കിപ്പുറം കേരളത്തിൽ സ്ഥലമെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമായിട്ടില്ല. ശബരി റെയിൽപ്പാതയുടെ ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കാമെന്ന് സമ്മതിച്ചുകൊണ്ട് കത്തു നൽകണമെന്ന കേന്ദ്രത്തിന്റെ ആവശ്യത്തോട് രണ്ടുമാസം കഴിഞ്ഞിട്ടും കേരളം പ്രതികരിച്ചിട്ടില്ല. ഇതിന് ഏതാണ്ട് 2000 കോടിയോളം ചെലവാക്കേണ്ടിവരും. ഇപ്പോഴത്തെ സാമ്പത്തിക ചുറ്റുപാടിൽ കേരളത്തിന് ഇതിനു വകയില്ല. അതിനാലാവും പ്രതികരിക്കാതിരിക്കുന്നത്. ഇങ്ങനെ പ്രതികരിക്കാതിരിക്കുമ്പോഴാണ് പല പദ്ധതികളും നീണ്ടുപോയി, ആദ്യം തീരുമാനിച്ചതിന്റെ രണ്ടും നാലും ഇരട്ടി ചെലവിൽ പിന്നീട് നടത്തേണ്ടിവരുന്നത്. ഈയൊരു രീതിക്ക് മാറ്റം വന്നേ പറ്റൂ.

കേരളത്തിന്റെ റെയിൽവേ വികസനത്തെ കേന്ദ്രം അവഗണിക്കുന്നുവെന്ന് പഴി പറഞ്ഞുകൊണ്ടിരിക്കുന്നതിൽ കാര്യമില്ല. ഇത് വർഷങ്ങളായി ജനങ്ങൾ കേൾക്കുന്നതാണ്. കുറ്റപ്പെടുത്തലും വിമർശനവുമല്ല, പരിഹാരമാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. റെയിൽവേ വികസന പദ്ധതികളിൽ കേരള സർക്കാരിന് സഹകരണ മനോഭാവമില്ലെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ് കഴിഞ്ഞ ദിവസം ലോക്‌സഭയിൽ പറഞ്ഞത് വസ്‌തുതകളുടെ അടിസ്ഥാനത്തിൽ തന്നെയാണ്. പണമല്ല, സ്ഥലമേറ്റെടുപ്പും അതുപോലുള്ള പ്രശ്നങ്ങളുമാണ് പ്രധാനമായും കേരളത്തിൽ റെയിൽവേ വികസനത്തിന് വിലങ്ങുതടിയായി നിൽക്കുന്നതെന്നാണ് മന്ത്രി ചൂണ്ടിക്കാട്ടിയത്. കേരളത്തിലെ റെയിൽവേ വികസനത്തിന് 459.54 ഹെക്ടർ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. 62.83 ഹെക്ടർ മാത്രമാണ് ഏറ്റെടുക്കാനായത്.

യു.പി.എ സർക്കാരിന്റെ കാലത്ത് ശരാശരി 372 കോടി രൂപയാണ് പ്രതിവർഷം കേരളത്തിന്റെ റെയിൽവേ വികസനത്തിന് നൽകിയിരുന്നത്. എന്നാൽ 2023 - 24ൽ മാത്രം മോദി സർക്കാർ 2,033 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.

അങ്കമാലി - എരുമേലി ശബരി പാതയ്ക്കു ബദലായി ചെങ്ങന്നൂർ - പമ്പ 75 കിലോമീറ്റർ പാതയുടെ അന്തിമ ലൊക്കേഷൻ സർവേയ്ക്ക് അനുമതി നൽകിയതായും, എരുമേലി ശബരി പാതയെ വിഴിഞ്ഞം പോർട്ടുമായി ബന്ധിപ്പിക്കുന്നത് പരിഗണനയിലില്ലെന്നും, അതിനു പകരം തൊട്ടടുത്തുള്ള നേമം സ്റ്റേഷനുമായി വിഴിഞ്ഞത്തെ ബന്ധിപ്പിക്കുന്നതാണ് നല്ലതെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ റെയിൽവേ വികസനം പണമില്ല എന്ന പേരിൽ കേരളം മാറ്റിവയ്ക്കരുത്. കേന്ദ്രത്തിൽ നിന്നും പലിശയില്ലാത്ത വായ്‌പ സംഘടിപ്പിച്ചോ എൻ.ആർ.ഐകളിൽ നിന്ന് വായ്‌പ വാങ്ങിയോ അതിനുള്ള തുക കണ്ടെത്തണം.

അറുപതിനായിരം കോടിയുടെ സിൽവർ ലൈൻ പാതയ്ക്കു വേണ്ടി നിലകൊണ്ടവരുടെ കൈയിൽ ഇതുപോലെ അത്യാവശ്യം വേണ്ട റെയിൽവേ വികസനത്തിന് പണമില്ല എന്നു വരുന്നത് നിർഭാഗ്യകരമാണ്. ഭൂമി ലഭിച്ചാൽ കേരളത്തിലെ റെയിൽവേ പദ്ധതികൾക്ക് പണം തടസമാവില്ലെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാണിച്ചത് കേരളം ഒരു വെല്ലുവിളിയായിത്തന്നെ ഏറ്റെടുക്കണം. ഇത് സാദ്ധ്യമാക്കാൻ സമർത്ഥനായ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ഒരു സംവിധാനം ഏർപ്പെടുത്തണം. സമയബന്ധിതമായി സ്ഥലമേറ്റെടുപ്പ് അവർ പൂർത്തിയാക്കണം. കേരളത്തിൽ സ്ഥലലഭ്യത കുറവാണെങ്കിലും മികച്ച നഷ്ടപരിഹാരം ലഭിച്ചാൽ വിട്ടുകൊടുക്കുന്നതിൽ ആർക്കും എതിർപ്പില്ല എന്നതാണ് യാഥാർത്ഥ്യം. ഇതെല്ലാം ഇച്ഛാശക്തിയോടെ ഉണർന്നു പ്രവർത്തിച്ചാൽ സർക്കാരിന് പൂർത്തിയാക്കാവുന്നതേയുള്ളൂ.