home

ജനങ്ങളിൽ അധിക നികുതിഭാരം അടിച്ചേല്പിക്കുന്നത് നല്ല ഭരണത്തിന്റെ ലക്ഷണമല്ലെന്ന് അറിയാത്തവർ ഭരണത്തിനു നേതൃത്വം വഹിക്കുന്നവർ മാത്രമാണ്. അത്തരമൊരു തിരിച്ചറിവ് ഇല്ലാതെ പോയതുകൊണ്ട് സംഭവിച്ചതാണ് കഴിഞ്ഞ വർഷം ഏപ്രിലിൽ സംസ്ഥാനത്ത് കെട്ടിട നിർമ്മാണ പെർമിറ്റ് ഉൾപ്പെടെ പലതിനും ഫീസ് നിരക്ക് കുത്തനെ വർദ്ധിപ്പിച്ച നടപടി. 177 കോടി രൂപയാണ് ഒറ്റ വർഷംകൊണ്ട് ഈയിനത്തിൽ തദ്ദേശ സ്ഥാപനങ്ങൾ പിരിച്ചെടുത്തത്. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട നികുതി നിരക്കുകളിലെ അഭൂതപൂർവമായ വർദ്ധനയ്ക്കെതിരെ വ്യാപകമായ പരാതികൾ ഉയർന്നിട്ടും അനങ്ങാതിരുന്ന സർക്കാർ,​ ഇപ്പോൾ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പശ്ചാത്തലത്തിലാണെങ്കിൽപ്പോലും 'തെറ്റ്" തിരുത്താൻ തയ്യാറായത് ശുഭസൂചനയാണ്. കൊണ്ടാലേ പഠിക്കൂ എന്നു പറയുന്നത് വെറുതേയല്ല.

കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസിൽ അൻപതു ശതമാനം മുതൽ അറുപതു ശതമാനം വരെ കുറവു വരുത്തിയിട്ടുണ്ട്. പുതുക്കിയ നിരക്കുകൾ ആഗസ്റ്റ് ഒന്നു മുതൽ പ്രാബല്യത്തിൽ വരും. കഴിഞ്ഞ വർഷം വർദ്ധിപ്പിച്ച നിരക്കിൽ ഫീസ് അടച്ചവർക്കെല്ലാം അധിക തുക തിരിച്ചു നൽകാൻ നടപടിയുണ്ടാകുമെന്നാണ് തദ്ദേശവകുപ്പു മന്ത്രി എം.ബി. രാജേഷ് അറിയിച്ചത്. സാധാരണഗതിയിൽ സർക്കാരിലേക്ക് അടയ്ക്കുന്ന പണം പിന്നീട് തിരിച്ചുകിട്ടാറില്ല. അതിനും ഇപ്പോൾ മാറ്റമുണ്ടായിരിക്കുകയാണ്. തദ്ദേശസ്ഥാപനങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ ഫീസ് നിരക്കുകൾ വർദ്ധിപ്പിക്കാൻ അവയ്ക്ക് അനുമതി നൽകിയത്. എന്നാൽ ഇരുപത് ഇരട്ടിവരെ ഫീസ് നിരക്കുകൾ ഉയർന്നപ്പോൾ സ്വാഭാവികമായും ജനങ്ങൾക്കിടയിൽ അമർഷവും പ്രതിഷേധവും പുകഞ്ഞുനീറി. അതിന്റെ പ്രതിഫലനം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടിംഗിലും ഉണ്ടായി.

പരാജയം വിലയിരുത്തിയ ഭരണമുന്നണി നേതൃത്വങ്ങൾ തിരുത്തലുകൾക്കു തയ്യാറായി എന്നതിന്റെ ആദ്യസൂചനയായി വേണം കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട ഫീസുകൾ കുറയ്ക്കാൻ കൈക്കൊണ്ട തീരുമാനത്തെ കരുതേണ്ടത്.

ഫീസ് പിരിവല്ലാതെ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നു ലഭിക്കേണ്ട സേവനങ്ങളുടെ കാര്യം വരുമ്പോൾ നിരാശയാണ് കൂടുതൽ. തദ്ദേശസ്ഥാപനങ്ങളിൽ നിന്നുള്ള സേവനം ലഭിക്കുന്നതിലുണ്ടാകുന്ന കാലതാമസം സ്ഥിരം പരാതിയാണ്. ലഭിക്കേണ്ട നികുതികൾ പോലും യഥാകാലം പിരിച്ചെടുക്കുന്നതിൽ വിമുഖതയാണ് പൊതുവേ കാണുന്നത്. സംസ്ഥാന ബഡ്‌ജറ്റിൽ മുപ്പതു ശതമാനം തുക തദ്ദേശസ്ഥാപനങ്ങൾക്കായി നീക്കിവച്ചിട്ടും പൊതു സേവനങ്ങളുടെ കാര്യത്തിൽ അത്രയൊന്നും മെച്ചമല്ല നില. കേരളത്തിലാണ് കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് ഉൾപ്പെടെയുള്ളവയ്ക്ക് ഏറ്റവും കുറഞ്ഞ ഫീസെന്ന് വകുപ്പുമന്ത്രി അവകാശപ്പെടുകയുണ്ടായി. അതിന്റെ നിജസ്ഥിതി ജനങ്ങൾക്കു ബോദ്ധ്യമാകണമെങ്കിൽ അയൽ സംസ്ഥാനങ്ങളിലെ നിലവിലുള്ള നിരക്കുകൾ കൂടി മുന്നോട്ടുവയ്ക്കേണ്ടതായിരുന്നു.

തദ്ദേശസ്ഥാപനങ്ങളിൽ അടയ്ക്കേണ്ട വസ്തുനികുതി ഏപ്രിൽ മാസം തന്നെ അടയ്ക്കുകയാണെങ്കിൽ അഞ്ചുശതമാനം റിബേറ്റ് നൽകാനുള്ള തീരുമാനം സ്വാഗതാർഹമാണ്. അതുപോലെ അതതുവർഷം തന്നെ പരമാവധി പേരിൽ നിന്ന് വസ്തുക്കരം പിരിച്ചെടുക്കാനുള്ള നടപടിയും ഊർജ്ജിതമാക്കണം. നികുതി പിരിവിലെ ചോർച്ച അടയ്ക്കാനും നടപടി വേണം. കേരളത്തിൽ എല്ലാ സർക്കാർ സേവനങ്ങൾക്കും നിരക്കു കൂടുതലാണെന്ന് ആക്ഷേപമുണ്ട്. വൈദ്യുതി, ഗതാഗതം, ശുദ്ധജലം തുടങ്ങിയ അവശ്യസർവീസുകൾക്ക് മറ്റിടങ്ങളിലുള്ളതിനെക്കാൾ നിരക്ക് ഇവിടെ അധികമാണ്. ബസ് ചാർജും വൈദ്യുതി നിരക്കും രാജ്യത്ത് ഏറ്റവും കൂടുതൽ ഇവിടെയാണ്. അമിത നിരക്ക് ഈടാക്കിയിട്ടും ഈ രണ്ടു സ്ഥാപനങ്ങളും തുടർച്ചയായി നഷ്ടത്തിലുമാണ്. വസ്തു കൈമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കുള്ള പ്രമാണ ഫീസും രാജ്യത്ത് ഏറ്റവുമധികം ഇവിടെയാണ്. രജിസ്ട്രേഷൻ ഫീസ് ഏകീകരിക്കുന്നതിനെക്കുറിച്ച് ഇത്തവണത്തെ കേന്ദ്ര ബഡ്‌ജറ്റിലും പരാമർശിച്ചിരുന്നു. ഭൂമി വില ഏറ്റവും ഉയർന്ന കേരളത്തിൽ പ്രമാണച്ചെലവിലെ അമിതഭാരം വലിയ പ്രശ്നം തന്നെയാണ്. ഇനിയും നടക്കാനിരിക്കുന്ന തെറ്റുതിരുത്തലിൽ ഇതും പരിഗണിക്കാവുന്നതാണ്.