യുവ സംവിധായകരിൽ ശ്രദ്ധേയനായ കൃഷാന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ. മമ്മൂട്ടിയെ നായകനാക്കിയും കൃഷാന്ദ് സിനിമ സംവിധാനം ചെയ്യുന്നുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ആണ് ഇതിന്റെ നിർമ്മാണം. മോഹൻലാൽ - കൃഷാന്ദ് ചിത്രത്തിന്റെ ചിത്രീകരണം വൈകാതെ ആരംഭിക്കുമെന്നാണ് വിവരം. എമ്പുരാൻ, എൽ 360 എന്നീ ചിത്രങ്ങളിൽ അഭിനയിക്കുകയാണ് മോഹൻലാൽ. സത്യൻ അന്തിക്കാടിന്റെ ഹൃദയപൂർവ്വം എന്ന ചിത്രം മോഹൻലാലിനെ കാത്തിരിപ്പുണ്ട്. നവംബർ അവസാനമോ ഡിസംബർ ആദ്യമോ മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. മലയാളികളുടെ പ്രിയ കൂട്ടുകെട്ടായ സത്യൻ അന്തിക്കാടും മോഹൻലാലും വീണ്ടും ഒരുമിക്കുന്ന ചിത്രത്തിന് നവാഗതനായ സോനു ടി.പി രചന നിർവഹിക്കുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം. അതേസമയം വൃത്താകൃതിയിലുള്ള ചതുരം, ആവാസവ്യൂഹം, പുരുഷപ്രേതം എന്നീ കൃഷാന്ദ് ചിത്രങ്ങൾ മലയാളത്തിലിറങ്ങിയ രാജ്യാന്തര സിനിമകളാണ്.
സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി (സൈമ) നെക്സ സ്ട്രീമിംഗ് അക്കാഡമി അവാർഡിൽ പ്രാദേശിക സിനിമകളിലെ മികച്ച സംവിധായകനായി കൃഷാന്ദ് തിരഞ്ഞെടുക്കപ്പെട്ടു. പുരുഷ പ്രേതം എന്ന ചിത്രത്തിലൂടെയാണ് അംഗീകാരം.അതേസമയം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ട്രെയിലർ ലോഞ്ച് സെപ്തംബർ 6ന് അബുദാബിയിൽ നടക്കും. സെപ്തംബർ 12ന് ഒാണം റിലീസായി ബറോസ് എത്തും.ക്യാമറയ്ക്ക് മുൻപിലും പിൻപിലും മോഹൻലാൽ എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.