വർക്കല: അംഗബലവും ശക്തമായ സേവനവും ഉറപ്പുവരുത്തേണ്ട അയിരൂർ പൊലീസ് സ്റ്റേഷൻ ഇന്ന് പരാധീനതകളുടെ നടുവിൽ. സ്റ്റേഷൻ കെട്ടിടനിലവാരം ഉയർത്താനും പൊലീസ് ഓഫീസർമാരുടെ എണ്ണം വർദ്ധിപ്പിക്കാനുമുള്ള നടപടികൾ വർഷങ്ങളായി ഇഴഞ്ഞുനീങ്ങുകയാണ്.
അയിരൂർ,ഇടവ,ചെമ്മരുതി എന്നീ റവന്യൂ വില്ലേജുകൾ അധികാരപരിധിയായി നിർണയിച്ച് 2012ലാണ് അയിരൂർ പൊലീസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചത്. 21 ഉദ്യോഗസ്ഥരുടെ സേവനത്തിൽ ആരംഭിച്ച സ്റ്റേഷനിൽ ഇപ്പോഴും ഉദ്യോഗസ്ഥരുടെ എണ്ണത്തിൽ മാറ്റമില്ല. ജില്ലയിൽ ഏറ്റവും കൂടുതൽ പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്റ്റേഷനുകളിൽ ഒന്നാണിത്. ഇത്തരം കേസുകളിലെ നീണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മതിയായ വനിതാ ഉദ്യോഗസ്ഥരില്ല. ഏറ്റവും ശുഷ്കമായ ആൾബലമുള്ള സ്റ്റേഷനായി അയിരൂർ മാറിയെന്ന പരാതിയും വ്യാപകമാണ്.
ഡ്യൂട്ടിയിലുള്ളത് - 21 പേർ മാത്രം
എസ്.എച്ച്.ഒ,എസ്.ഐ,എ.എസ്.ഐ എന്നിവർക്ക് പുറമെ എസ്.സി.പി.ഒ - 3,സി.പി.ഒ - 12,വുമൺ സി.പി.ഒ-3 എന്നിങ്ങനെയാണ് അംഗബലം. ഈ 21 പേരിൽ പലർക്കും നിശ്ചിത ഡ്യൂട്ടി ദിവസവും പകുത്തു നൽകും.
അംഗബലം വർദ്ധിപ്പിക്കണം
ജി.ഡി ചാർജ്,കോടതി, പരാതികൾ സ്വീകരിക്കൽ,പി.ആർ.ഒ ഡ്യൂട്ടി,ഹൈവേ പട്രോളിംഗ് ഇതെല്ലാം നോക്കി വരുന്നവർക്ക് കേസന്വേഷണത്തിന് സമയം തികയില്ല. അതോടെ പ്രധാനപ്പെട്ട പല കേസുകളുടെയും അന്വേഷണം മന്ദഗതിയിലാകും. തുടർന്ന് പരിധിയിലെ ക്രമസമാധാന പാലനവും പ്രതിസന്ധിയാകും. മാത്രമല്ല, മതിയായ അവധിയോ വിശ്രമമോയില്ലാതെ ജോലി ചെയ്യുന്നതും പൊലീസുകാർക്കിടയിൽ മാനസിക സംഘർഷവും അതൃപ്തിയും ഉയർത്തുന്നുണ്ട്.
മഴപെയ്താൽ വെള്ളക്കെട്ട്
2009ലെ അയിരൂർ ശിവപ്രസാദ് കൊലപാതകവും ഡി.എച്ച്.ആർ.എം ആവിർഭാവവും വർക്കല സ്റ്റേഷൻ പരിധി വിഭജിച്ച് അയിരൂർ സ്റ്റേഷൻ രൂപീകരിക്കാൻ കാരണമായി. സ്റ്റേഷൻ പ്രവർത്തിക്കുന്നത് ഓടുപാകിയ വാടകക്കെട്ടിടത്തിലാണ്. മഴക്കാലത്ത് കെട്ടിടം ചോർന്നൊലിക്കും. എസ്.ഐയുടെ റൂമും ഫയൽ റൂമും ഉൾപ്പെടെ ശോചനീയാവസ്ഥയിലാണ്. സ്റ്റേഷനായി അനുവദിച്ച സ്ഥലത്ത് ഹൈടെക് പൊലീസ് സ്റ്റേഷൻ നിർമ്മാണത്തിന് തുക അനുവദിക്കുകയും തറക്കല്ലിടുകയും ചെയ്തിരുന്നു. നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും സ്ഥലത്തിന്റെ പേരിൽ വീണ്ടും പരാതി ഉയർന്നതിനാൽ പണി നിലച്ചിരിക്കുകയാണ്.
വണ്ടിയും കട്ടപ്പുറത്ത്
സ്റ്റേഷനിലെ രണ്ട് വാഹനങ്ങളിലൊന്ന് കട്ടപ്പുറത്തു കയറിയപ്പോൾ പകരം ഓടുന്നത് തുരുമ്പെടുത്ത ഒരു പഴയ വാഹനമാണ്. മറ്റൊന്ന് നാല് ലക്ഷം കിലോമീറ്ററിലധികം ഓടി തേഞ്ഞതാണ്. മന്ത്രിമാർക്ക് പൈലറ്റ് സുരക്ഷയൊരുക്കാൻ ഹൈവേ ഡ്യൂട്ടിക്ക് പോകേണ്ടതും ഇത്തരം വാഹനങ്ങളിലാണ്.