
ആറ്റിങ്ങൽ: പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം പാലസ് റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ഒരു മാസം പിന്നിട്ടിട്ടും പൊതുമരാമത്ത് അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തം. സംഭവത്തിൽ നഗരസഭ കൗൺസിൽ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവുമായി കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരിക്ക് നിവേദനം നൽകി.
പാലസ് റോഡിലെ യാത്രാദുരിതത്തെക്കുറിച്ച് 20ന് കേരളകൗമുദി വാർത്ത നൽകിയിരുന്നു. കാലവർഷം ശക്തമായപ്പോൾ ഓടയിലെ ജലമൊഴുക്ക് തടസപ്പെട്ടിരുന്നു. ചെയർപേഴ്സന്റെ നിർദ്ദേശപ്രകാരം ശുചീകരണ തൊഴിലാളികൾ ഓടയുടെ മൂടിയിളക്കി പരിശോധിക്കുകയും റോഡിനടിയിലൂടെ കടന്നുപോകുന്ന കലിംഗ് തകർന്നതാണ് ജലമൊഴുക്കിന് തടസം നേരിട്ടതെന്നും കണ്ടെത്തിയിരുന്നു. കാലപ്പഴക്കമുള്ള കലിംഗ് പുനർനിർമ്മിക്കാതെയാണ് പൊതുമരാമത്ത് വകുപ്പ് പാലസ് റോഡ് നവീകരിച്ചതെന്ന് ആക്ഷേപവുമുണ്ട്.