h

കാ‌ർഗിലിലെ ദ്രാസിലെത്തിയപ്പോൾ അമ്മ ചെല്ലത്തായിയുടെ മനസുലഞ്ഞു. ഓർമ്മകൾ 25 വർഷം പിന്നോട്ട്. ദേശീയ പതാകയിൽ പൊതി‌ഞ്ഞ പെട്ടിക്കുള്ളിൽ മകൻ ജെറി പ്രേംരാജിന്റെ തകർന്ന ശരീരഭാഗങ്ങൾ... ഓർമ്മകളിൽ വിതുമ്പിയപ്പോൾ മകൻ റെജിനാൾഡിന്റെ കൈയിൽ പിടിച്ചു നിന്നു. എയർഫോഴ്സിൽ സേവനമനുഷ്ഠിച്ച,​ ജെറി പ്രേംരാജിന്റെ സഹോദരൻ റെജിനാൾഡ് അമ്മയെ ആശ്വസിപ്പിച്ചു.

മകന്റെ ചോര വീണ മണ്ണിലാണ് നില്‍ക്കുന്നതെന്ന തിരിച്ചറിവിലാണ് അവർ വിതുമ്പിപ്പോയത്. കാർഗിൽ വിജയ് ദിവസിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനാണ് ചെല്ലത്തായ് ദ്രാസിലെത്തിയത്. ദ്രാസിലെ ടൈഗർ ഹിൽസ് തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിനിടെയാണ് 1999 ജൂലായ് ഏഴിന് ക്യാപ്റ്റൻ ജെറി പ്രേംരാംജിന് ശത്രുപക്ഷത്തിന്റെ വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റിട്ടും ജെറി പിൻവാങ്ങിയില്ല. ശത്രു ബങ്കറുകൾ പൂർണമായും തകർത്ത ശേഷമാണ് ആ വീരയോദ്ധാവ് മരണത്തിനു കീഴടങ്ങിയത്.

നാലു ദിവസങ്ങൾക്കു ശേഷം വെങ്ങാനൂരിലെ വീട്ടീൽ,​ ദേശീയപതാക ചൂടിയെത്തിയ ആ പെട്ടിയിൽ അന്ത്യചുംബനം അർപ്പിക്കാനേ കുടുംബാംഗങ്ങൾക്കു കഴിഞ്ഞുള്ളൂ. വെടിയേറ്റ് ശരീരഭാഗങ്ങൾ ചിതറിയിരുന്നു. തിരുവനന്തപുരം വെങ്ങാനൂരിലെ രത്നരാജിന്റെയും ചെല്ലത്തായിയുടേയും രണ്ടാമത്തെ മകനായിരുന്നു ജെറി പ്രേംരാജ്. വ്യോമസേനയിൽ ആറു വർഷത്തെ സർവീസിനു ശേഷം കരസേനയിൽ ഓഫീസറായി.

ജെറി പ്രേംരാജിന്റെ ഭൗതികദേഹം വെങ്ങാനൂരിലെത്തിച്ചപ്പോൾ ജനസാഗരം കാത്തുനിൽപ്പുണ്ടായിരുന്നു. ചെല്ലതായിയേയും രത്നരാജിനേയും ആശ്വസിപ്പിക്കുമ്പോൾ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാ‌‌‌ർ വിതുമ്പിപ്പോയി. ഇന്നും ഈ നാടിന്റെ ഹീറോ ജെറി പ്രേംരാജാണ്. രാജ്യം വീ‌രചക്ര നൽകി ആദരിച്ച ജെറിക്കായി ഒരു സ്മാരകം അച്ഛൻ രത്നരാജ് വീട്ടുവളപ്പിൽ നിർമ്മിച്ചിട്ടുണ്ട്. 2016-ൽ രത്നരാജ് മരിച്ചു. അമ്മയ്ക്ക് ജെറിയെ ഓർമ്മവരുമ്പോഴൊക്കെ പഴയൊരു കത്ത് കൈയിലെടുക്കും- വീരമൃത്യവിന് ഏതാനും നാൾ മുമ്പ് ജെറി അയച്ച കത്ത്.