alnkaramandapam

ആറ്റിങ്ങൽ: നൂറ്റാണ്ടുകൾക്കു മുമ്പ് രാജഭരണ കാലത്ത് കൊല്ലമ്പുഴ തിരുവാറാട്ടുകാവ് ക്ഷേത്രത്തിന് മുന്നിലായി നിർമ്മിച്ച അലങ്കാര മണ്ഡപം പ്രൗഢിയോടെ ഇന്നും നിൽക്കുന്നു. വർഷത്തിലൊരിക്കൽ മാത്രം ഉപയോഗപ്പെടുത്തുന്ന മണ്ഡപമാണിത്. ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ മീന മാസത്തിലെ പൂരം നാളിൽ രാത്രി ശീവേലിയെല്ലാം കഴിഞ്ഞ് ദേവിയുടെ വിഗ്രഹം ഈ മണ്ഡപത്തിലേക്കെഴുന്നള്ളിച്ച് പൂജ നടത്തും. ഇത് നാട്ടുകാർക്ക് കാണാനായി നടത്തുന്ന ചടങ്ങാണ്. പണ്ട് ക്ഷേത്രപ്രവേശനത്തിന് അർഹതയില്ലാതെ മാറ്റിനിറുത്തിയിരുന്ന ജനവിഭാഗങ്ങൾക്കും ദൂരെനിന്ന് അധിഷ്ഠാനദേവതയെ കണ്ടുതൊഴാൻ അവസരമൊരുക്കുന്നതായിരുന്നു ഈ ചടങ്ങ്. ചരിത്രകാരന്മാർ ശ്രദ്ധിക്കാതെപോയ ഒരു പ്രാധാന്യം കൂടി ഈ ചടങ്ങിനുണ്ട്. പഴയ വേണാടിന്റെയും പിൽക്കാല തിരുവിതാംകൂറിന്റെയും അമ്മവീടാണ് ആറ്റിങ്ങൽ. തിരുവിതാംകൂർ രാജവംശത്തിന്റെ കുലപരദേവതയുമായി ബന്ധപ്പെട്ട് ക്ഷേത്രമുണ്ടാക്കുന്നതും വേണാടിൽ ലയിപ്പിക്കുന്നതുവരെ 430 വർഷം ആറ്റിങ്ങൽ ഭരിച്ചത് റാണിമാരായിരുന്നു. ആർ. നന്ദകുമാറിന്റെ ആത്മാക്കളുടെ ഭവനം എന്ന നോവലിൽ ഈ ചരിത്രം പരാമർശിക്കുന്നുണ്ട്.