തിരുവനന്തപുരം: കർക്കടക വാവുബലിക്കൊരുങ്ങി തലസ്ഥാനത്തെ ക്ഷേത്രങ്ങൾ. ആഗസ്റ്റ് 3ന് പുലർച്ചെ മുതൽ ബലിതർപ്പണത്തിന് സൗകര്യമുണ്ടായിരിക്കും.

തിരുവല്ലം പരശുരാമക്ഷേത്രത്തിൽ ഒൻപത് ബലി മണ്ഡപങ്ങളിലായി ഒരേസമയം 3,500 പേർക്ക് ബലിയിടാനാകും. പുലർച്ചെ രണ്ട് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ബലിതർപ്പണം നടത്താം. സ്ഥിരമായുള്ള രണ്ട് മണ്ഡപങ്ങൾക്ക് പുറമേ ക്ഷേത്രവളപ്പിൽ മൂന്നും ക്ഷേത്രമുറ്റത്തും ലങ്ക എന്ന സമീപസ്ഥലത്തുമായി രണ്ട് മണ്ഡപങ്ങൾ വീതവും സജ്ജീകരിച്ചിട്ടുണ്ട്. പുറത്തേക്ക് കടക്കുന്നതിന് താത്കാലിക മേൽനടപ്പാലവും നിർമ്മിക്കും. ലങ്കയിലേക്കുള്ള രണ്ട് താത്കാലിക നടപ്പാലങ്ങളുടെ നിർമ്മാണം പൂർത്തിയായി. ലങ്ക ഭാഗത്ത് സജ്ജമാക്കിയിട്ടുള്ള ടിക്കറ്റ് കൗണ്ടറിൽ ബുക്കിംഗ് ആരംഭിച്ചു.

വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം, അരുവിപ്പുറം ശിവക്ഷേത്രം, കഠിനംകുളം മഹാദേവക്ഷേത്രം, തൃക്കുളങ്ങര വിഷ്ണുക്ഷേത്രം, വെള്ളായണി ശിവോദയം ശിവക്ഷേത്രം, വേളി പൊഴിക്കര മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലും വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്.

ശംഖുംമുഖത്ത്

സ്കൂബ ഡൈവേഴ്സും

ബലി തർപ്പണത്തിനെത്തുന്നവരുടെ സുരക്ഷ മുൻനിറുത്തി ശംഖുംമുഖം തീരത്ത് സ്കൂബ ഡൈവേഴ്സിന്റെ സേവനം ഉണ്ടായിരിക്കും. ഡി.ടി.പി.സി ലൈഫ് ഗാർഡുമാരുടെ എണ്ണം എട്ടിൽ നിന്ന് 16 ആയി ഉയർത്തി. ബലി തർപ്പണത്തിനു ശേഷം കുളിക്കാൻ 50 വാട്ടർ ഷവറുകളും സ്ഥാപിക്കും.