ബാലരാമപുരം: അപകടാവസ്ഥയിലായ മാർക്കറ്റ് കെട്ടിടം പൊളിച്ചുമാറ്റാനൊരുങ്ങി ബാലരാമപുരം പഞ്ചായത്ത്. 2016ൽ എൻജിനിയറിംഗ് വിഭാഗം മാർക്കറ്റിലെ കടമുറികളും മേൽക്കൂരയും അൺഫിറ്റ് വിഭാഗത്തിൽ ഉൾപ്പെടുത്തി കച്ചവടം പാടില്ലെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇനി ബാലരാമപുരം വിഴിഞ്ഞം റോഡിൽ പ്രവർത്തിക്കുന്ന മാർക്കറ്റ് കൊടിനട കച്ചേരിക്കുളത്താവും പ്രവർത്തിക്കുക.
അഞ്ച് വർഷം മുമ്പ് മാർക്കറ്റ് കെട്ടിടത്തിലെ കോൺക്രീറ്റ് പാളി ഇളകി വീണ് വഴിയാത്രക്കാരും സമീപ കച്ചവടക്കാരും തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ആഴ്ചകളോളം പ്രതിഷേധം നീണ്ടെങ്കിലും അന്ന് പൊളിച്ചുമാറ്റാൻ ആവശ്യപ്പെട്ടവർ ഇന്ന് പൊളിച്ചുമാറ്റേണ്ടെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതും പഞ്ചായത്തിനെ കുഴപ്പിച്ചിരിക്കുകയാണ്.
ടെൻഡർ ക്ഷണിച്ചു
നിലവിൽ മാർക്കറ്റ് കൊടിനട കച്ചേരിക്കുളത്തേക്ക് മാറ്റിയതോടെ 31നകം മാർക്കറ്റ് പൊളിച്ചുമാറ്റാൻ ടെൻഡർ ക്ഷണിച്ചിരിക്കുകയാണ്. സൗകര്യക്കുറവ് ചൂണ്ടിക്കാട്ടി ചില കച്ചവടക്കാർ കച്ചേരിക്കുളത്തേക്ക് പോകാൻ വിസമ്മതം പ്രകടിപ്പിച്ചെങ്കിലും അപകടാവസ്ഥയിലായ മാർക്കറ്റിൽ കച്ചവടം അനുവദിക്കില്ലെന്ന് പഞ്ചായത്ത് അന്ത്യശാസനം നൽകിയിരിക്കുകയാണ്.
സൗകര്യമൊരുക്കി
നികുതിയോ കരമോ ഒടുക്കാതെ മത്സ്യ-പച്ചക്കറി വ്യാപാരികൾക്ക് കച്ചവടം നടത്താനുള്ള സൗകര്യമൊരുക്കിയതായി പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. പൈപ്പ് കണക്ഷൻ,സ്ട്രീറ്റ് ലൈറ്റ് എന്നിവ സ്ഥാപിച്ചു. കച്ചേരിക്കുളത്തെ അനധികൃത പാർക്കിംഗുകളും ഒഴിവാക്കി. ജൈവമാലിന്യ സംസ്കരണത്തിന് ഹരിതകർമ്മസേനയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ശൗച്യാലയമുണ്ടെങ്കിലും ഓണത്തിനു മുമ്പ് കൂടുതൽ കംഫർട്ട് സ്റ്റേഷനുകൾ പ്രവർത്തനസജ്ജമാക്കും.
അപകടാവസ്ഥയിലായ മാർക്കറ്റിന് മുന്നിൽ കച്ചവടം പാടില്ലെന്ന് പഞ്ചായത്ത് ഇന്ന് നോട്ടീസ് സ്ഥാപിക്കും. എൻജിനീയറിംഗ് കോളേജ് മേധാവിയുടെ നേതൃത്വത്തിൽ വീണ്ടും നടത്തിയ പരിശോധനയിൽ മാർക്കറ്റ് കെട്ടിടം പൂർണമായും അൺഫിറ്റ് കാറ്റഗറിയിലാണെന്ന റിപ്പോർട്ടും പഞ്ചായത്തിന് കൈമാറി. ഡിസാസ്റ്റർ മാനേജ്മെന്റ് കമ്മിറ്റി കൺവീനറായ സെക്രട്ടറിയും കെട്ടിടം പൊളിച്ചുമാറ്റണമെന്ന നിലപാടിലാണ്.
മാർക്കറ്റിന്റെ മുഖച്ഛായ മാറും
ബാലരാമപുരം മാർക്കറ്റിനായി എട്ടു കോടിരൂപയുടെ പദ്ധതിയാണ് ആരംഭിക്കുന്നത്. ആധുനിക സംവിധാനങ്ങളോടെ 8284 സ്ക്വയർ ഫീറ്റിൽ നാല് നിലകളായാണ് അന്താരാഷ്ട്ര നിലവാരത്തിൽ മാർക്കറ്റ് പുനർനിർമ്മിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഷോപ്പിംഗ് കോപ്ലക്സിനായി മാർക്കറ്റിനു സമീപത്തെ പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടവും പൊളിച്ചുമാറ്റും. വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി ബാലരാമപുരം-വിഴിഞ്ഞം റോഡ് വികസനവും മുന്നിൽക്കണ്ടാണ് പദ്ധതികൾ.
ഗ്രൗണ്ടിൽ ഇരുപത് കാറുകൾക്കും അമ്പത് ബൈക്കുകൾക്കും പാർക്കിംഗ് സൗകര്യമൊരുക്കും. ഒന്നാം നിലയിൽ പച്ചക്കറി, മീൻ മാർക്കറ്റുൾപ്പെടെ 27കടകളും രണ്ടാംനിലയിൽ ഇരുനിലഹാളും 15കടകളും മൂന്നാം നിലയിൽ മിനി ഓഡിറ്റോറിയവുമാണ് മാസ്റ്റർ പ്ലാനിലുള്ളത്. മാലിന്യസംസ്കരണത്തിനായി സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റും ജൈവമാലിന്യ സംസ്കരണ യൂണിറ്റും, കെമിക്കൽ ടോയ്ലെറ്റ് ഉൾപ്പെടെ നിർമ്മിക്കും.