photo

നെടുമങ്ങാട്: കരകുളം മുല്ലശേരി-കായ്പാടി റോഡിൽ വേരുപോയ മരം അപായഭീതി പരത്തുന്നു. മുക്കോല പതിനഞ്ചാം വാർഡിൽ നെട്ടറയിലാണ് മുപ്പത് വർഷത്തോളം പഴക്കമുള്ള മരം വഴിയാത്രികർക്ക് ഭീഷണിയായത്. കരകുളം ഏണിക്കരയിൽ പ്രധാന റോഡിൽ മരം പിഴുതുവീണ് കാർയാത്രക്കാരി മരിച്ചത് ഈയിടെയാണ്. റോഡരികിൽ അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു നീക്കണമെന്ന് പ്രദേശവാസികൾ പരാതികൾ നൽകിയിട്ടും അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല.

നെട്ടറയിലെ മരത്തിന് പുറകിലായി തോട് ഒഴുകുന്നുണ്ട്. തോടിന് മുകളിലൂടെയുള്ള പാലത്തിലാണ് മരം വേരുപടർത്തി നിൽക്കുന്നത്. ഇത് പാലത്തിന്റെ കോൺക്രീറ്റ് ഭാഗങ്ങൾ തകരാൻ ഇടയാക്കുന്നതായി നാട്ടുകാർ പറഞ്ഞു.

ഒരു അപകട വളവിലാണ് മരം നിൽക്കുന്നത്. വലിയ വാഹനങ്ങൾക്ക് സൈഡു കൊടുക്കുമ്പോൾ വളവിലെ കുഴിയിലേക്ക് ബൈക്ക് യാത്രികർ വിണ് പരിക്കേൽക്കുന്നത് പതിവാണ്. മരം അടിയന്തരമായി മുറിച്ചു നീക്കണമെന്നും റോഡിലെ അപകടാവസ്ഥ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് മുല്ലശേരി ചൈതന്യ റസിഡന്റ്സ് അസോസിയേഷൻ ജില്ലാ കളക്ടർക്ക് നിവേദനം നൽകി.