1

വിഴിഞ്ഞം: കാർഗിൽ യുദ്ധത്തിൽ പാകിസ്ഥാനെ ഇന്ത്യ പരാജയപ്പെടുത്തിയതിന് ഇന്ന് കാൽ നൂറ്റാണ്ട് തികയുമ്പോഴും വീരമൃത്യു വരിച്ച വെങ്ങാനൂർ സ്വദേശി ക്യാപ്ടൻ ജെറി പ്രേംരാജിന് ഉചിതമായ സ്‌മൃതി മണ്ഡപം നിർമ്മിക്കാത്തതിൽ നാട്ടുകാർക്ക് അതൃപ്തി. നിലവിൽ ജെറി അന്ത്യവിശ്രമം കൊള്ളുന്ന വീട്ടുവളപ്പിലെ സ്‌മൃതി മണ്ഡപം മാത്രമാണുള്ളത്. എന്നാൽ,​ ജെറിക്കായി വെങ്ങാനൂർ കേന്ദ്രമാക്കി ഉചിതമായ സ്മൃതി മണ്ഡപം സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിലവിൽ ജെറിപ്രേം അന്ത്യവിശ്രമം കൊള്ളുന്ന വീട്ടുവളപ്പിലെ സ്മൃതി മണ്ഡപം മാത്രമാണുള്ളത്. എന്നാൽ വെങ്ങാനൂർ ജംഗ്ഷൻ കേന്ദ്രമായി അർദ്ധകായ പ്രതിമയോടുകൂടിയ സ്‌മൃതി മണ്ഡപം സ്ഥാപിക്കാൻ സർക്കാർ ഇടപെടണമെന്നാണ് ആവശ്യം. കാർഗിൽ വിജയദിനത്തിൽ സഹപാഠികൾ ഉൾപ്പെടെയുള്ളവർ എല്ലാ ഓർമ്മദിനത്തിലും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. ജെറി പ്രേംരാജ് ഹൈസ്കൂൾ വിദ്യാഭ്യാസം നേടിയ വെങ്ങാനൂർ വി.പി.എസ് മലങ്കര ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളും എൻ.സി.സി കേഡറ്റുകളും ചടങ്ങിൽ പങ്കെടുക്കും.

സർക്കാർ ഉദ്യോഗസ്ഥരായിരുന്ന രത്നരാജിന്റെയും ചെല്ലത്തായിയുടെയും മകനായ ജെറി പ്രേംരാജിന്റെ സ്വപ്നമായിരുന്നു സൈനിക സേവനം. 17-ാം വയസിൽ എയർഫോഴ്‌സിൽ ജോലി നേടി. ഏഴ് വർഷത്തിന് ശേഷം കരസേനയിൽ ചേർന്നു. ഒരു കൊല്ലത്തെ ട്രെയിനിംഗിന് ശേഷം മീററ്റിൽ ആദ്യ പോസ്‌റ്റിംഗ്.

കല്യാണ അവധിക്ക് നാട്ടിലെത്തിയ ജെറിയുടെ മധുവിധു നാളുകളിലാണ് അടിയന്തരമായി തിരിച്ചുവിളിച്ചത്. 1999 ജൂലായ് 7ന് പുലർച്ചെ 4.15 നായിരുന്നു കാർഗിലിലെ ടൈഗർ കുന്നുകളിൽ ജെറി പ്രേംരാജ് വെടിയേറ്റ് മരിച്ചത്. പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരെ തുരത്തുന്നതിനിടെ ഒപ്പമുണ്ടായിരുന്ന ലാൻസ് നായിക് രാജയ്യനെയും നായിക് അശോക് കുമാറിനെയും സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജെറിക്ക് വെടിയേറ്റത്. മരണാനന്തര ബഹുമതിയായി ജെറിക്ക് വീരചക്രയും നൽകി. കാർഗിലിലെ ദ്രാസിൽ നടക്കുന്ന ചടങ്ങുകളിൽ ചെല്ലത്തായിയും ജെറിയുടെ സഹോദരൻ റജിനാൾഡും പങ്കെടുക്കുന്നുണ്ട്.