hi

വെഞ്ഞാറമൂട്: രണ്ടുദിവസം ജനങ്ങളെ ഭീതിയിലാഴ്‌ത്തി വിഹരിച്ച കാട്ടുപോത്തിനെ പിടികൂടിയ വാർത്തയറിഞ്ഞ് പിരപ്പൻകോട് തടിച്ചുകൂടിയത് നൂറുകണക്കിന് പേർ. കാട്ടുപോത്തിനെ മയക്കുവെടി വച്ച് വീഴ്‌ത്തിയതറിഞ്ഞ് അവർ ആഹ്ളാദം പ്രകടിപ്പിച്ചു. മൊബൈലിൽ ചിത്രം പകർത്താനും മത്സരിച്ചു. കാട്ടുപോത്തിനെ പിടികൂടാൻ വേണ്ടിവന്ന അഞ്ചു മണിക്കൂർ അക്ഷരാർത്ഥത്തിൽ ജനം ഉദ്വേഗത്തിലായിരുന്നു. വനം ഉദ്യോഗസ്ഥർക്കും പൊലീസിനും ഫയർഫോഴ്സിനുമൊപ്പം നാട്ടുകാരും തിരച്ചലിനുണ്ടായിരുന്നു. ഇന്നലെ രാവിലെ പത്തോടെ പിരപ്പൻകോട് സൊസൈറ്റി ജംഗ്ഷനിൽ കിടക്കുന്ന നിലയിൽ നാട്ടുകാരാണ് കാട്ടുപോത്തിനെ കണ്ടത്. ഉടൻ പൊലീസിനെയും വനംവകുപ്പിനെയും അറിയിച്ചു. അപ്പോൾ മുതൽ പല ഭാഗങ്ങളിലായി നാട്ടുകാർ തടിച്ചുകൂടി. കാട്ടുപോത്തിന്റെ സാന്നിദ്ധ്യം അറിഞ്ഞ് മംഗലപുരത്ത് ഉണ്ടായിരുന്ന വനപാലകർ, പാലോട് നിന്നുള്ള വനപാലകർ,വട്ടപ്പാറ ,വെഞ്ഞാറമൂട്, പോത്തൻകോട് സ്റ്റേഷനുകളിലെ പൊലീസുകാർ,ആറ്റിങ്ങൽ,വെഞ്ഞാറമൂട് ഫയർഫോഴ്സ് അംഗങ്ങൾ എന്നിവർ കൂടിയെത്തിയതോടെ ജനസഞ്ചയമായി. കാഴ്‌ചക്കാരെ നിയന്ത്രിച്ച് കാട്ടുപോത്തിനെ വാഹനത്തിൽ കയറ്റാൻ വനപാലകരും പൊലീസും നന്നേ ബുദ്ധിമുട്ടി.

 15നും കാട്ടുപോത്തിനെ കണ്ടു

ഇക്കഴിഞ്ഞ 15നും കാട്ടുപോത്തിനെ ഈ മേഖലയിൽ കണ്ടിരുന്നു. വെഞ്ഞാറമൂട് തൈക്കാട് ആഡ് ലിറ്റിൽ ഗാർഡൻ ഉടമ മനോജാണ് അന്ന് കാട്ടുപോത്തിനെ കണ്ടത്. 15ന് പുലർച്ചെ 4ന് പുല്ലമ്പാറ പഞ്ചായത്തിലെ തന്റെ കുടുംബവീടായ തെള്ളിക്കചാലിൽ നിന്ന് ശാസ്താനടയിലെ ചായക്കടയിലേക്ക് പാൽ കൊണ്ടുപോകുമ്പോൾ മുത്തിപ്പാറ നാടക ഗ്രാമത്തിന്റെ മുന്നിലെ റോഡിലാണ് കാട്ടുപോത്തിനെ കണ്ടത്. റോഡിന്റെ മദ്ധ്യത്തിൽ നിൽക്കുകയായിരുന്നു കാട്ടുപോത്ത്. അഞ്ചു മിനിട്ടോളം അതേ നില്പ് തുടർന്നു. കാട്ടുപോത്തിനെ കണ്ട് മനോജ് പെട്ടെന്ന് സ്‌കൂട്ടർ നിറുത്തി. ഭയന്നുപോയ മനോജ് അവിടെത്തന്നെ നിന്നു. അല്പസമയത്തിനുശേഷം റോഡുവശത്തെ മരങ്ങൾക്കിടയിലൂടെ കാട്ടുപോത്ത് ഓടിമറഞ്ഞു. ഇക്കാര്യം മനോജ് പഞ്ചായത്ത് അധികൃതരെയും പൊലീസിനെയും അറിയിച്ചിരുന്നു അന്ന് മറ്റുചിലരും കാട്ടുപോത്തിനെ കണ്ടിരുന്നു.

ഫോട്ടോ: മനോജ് കാട്ടുപോത്തിനെ കണ്ട സ്ഥലം അന്ന് പഞ്ചായത്ത് അധികൃതരെ കാണിക്കുന്നു

ഫോട്ടോ: കാട്ടുപോത്തിനെ കാണാൻ തടിച്ചു ജനം

ഫോട്ടോ: കാട്ടുപോത്തിനെ പിടികൂടിയപ്പോൾ