തിരുവനന്തപുരം: കെ.പി.സി.സി വയനാട് ക്യാമ്പ് എക്സിക്യുട്ടിവിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റി തുടക്കം കുറിക്കുന്നു. ഇന്നു രാവിലെ 10 ന് ഡി.സി.സി ഓഫീസിലെ ഇന്ദിരാഗാന്ധി ഓഡിറ്റോറിയത്തിൽ ജില്ലാ ക്യാമ്പ് എക്സിക്യുട്ടിവിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കൊടിക്കുന്നിൽ സുരേഷ് എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കെ.പി.സി.സി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. ഡി.സി.സി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷത വഹിക്കും.

'മിഷൻ 25' എന്ന പരിപാടിയുടെ തുടർച്ചയായി നിയോജകമണ്ഡലം മുതൽ പഞ്ചായത്തുകൾവരെ വിവിധ പരിപാടികളിലൂടെ പാർട്ടിയെ തദ്ദേശ തിരഞ്ഞെടുപ്പിന് സജ്ജമാക്കും. താലൂക്കുതല നേതൃയോഗങ്ങൾ 27ന് രാവിലെ 10ന് നെടുമങ്ങാട്, ഉച്ചക്ക് 3ന് നെയ്യാറ്റിൻകര, 28ന് 2.30 ന് ചിറയിൻകീഴ്, 5 ന് തിരുവനന്തപുരം താലൂക്ക് എന്നിവിടങ്ങളിൽ നടക്കും.
കോർപ്പറേഷൻ നേതൃയോഗം ആഗസ്റ്റ് 4 ന് 2.30ന് കെ.പി.സി.സി ചുമതല നൽകിയിട്ടുള്ള പി.സി.വിഷ്ണുനാഥ് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ ഡി.സി.സി ഓഡിറ്റോറിയത്തിൽ ചേരും. തലേക്കുന്നിൽ ഫൗണ്ടേഷൻ മന്ദിരനിർമ്മാണ ഫണ്ട് ആഗസ്റ്റ് ഒന്നിന് ആരംഭിക്കും. 14 നിയോജകമണ്ഡലങ്ങളിലും നേതാക്കളുടെ നേതൃത്വത്തിൽ അന്ന് ഫണ്ട്പിരിവിന് തുടക്കമാവും.