gr

കഴക്കൂട്ടം: പള്ളിപ്പുറം ടെക്നോസിറ്റി പ്രദേശത്തെ വന്യമൃഗങ്ങളുടെ ശല്യം ഒഴിവാക്കാനും ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രിമാരായ എ.കെ.ശശീന്ദ്രനും ജി.ആർ.അനിലും പറഞ്ഞു. ടെക്നോസിറ്റിയിൽ നടന്ന അവലോകനയോഗത്തിനു ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും. കാട്ടുപോത്തടക്കമുള്ള മൃഗങ്ങളുടെ സാന്നിദ്ധ്യമുണ്ടായത് ടെക്നോസിറ്റി പോലുള്ള സ്ഥാപനങ്ങൾക്ക് പേരുദോഷത്തിനിടയാക്കുമെന്നും ഇത് ഗൗരമായി കാണണമെന്നും മന്ത്രി ശശീന്ദ്രൻ പറഞ്ഞു. 400ലധികം ഏക്കർ പ്രദേശത്തെ കൂടുതൽ ഭാഗവും കാടുകയറിയതോടെ കാട്ടുപന്നി, മുള്ളൻപന്നി, ഇഴജന്തുക്കൾ എന്നിവയുടെ ആവാസ കേന്ദ്രമായി മാറി. ഇതിന് പരിഹാരം കാണാൻ കാട് വൃത്തിയാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങളോട് നിർദ്ദേശിക്കും. വനമേഖലകളിൽ നിന്ന് മൃഗങ്ങൾ ജനവാസ മേഖലകളിൽ എത്തുന്നത് അറിയുന്നതിനായി സി.സി.ടിവി അടക്കമുള്ള സംവിധാനങ്ങളൊരുക്കാനും മന്ത്രി നിർദ്ദേശിച്ചു.