gh1

തിരുവനന്തപുരം: ആയിരക്കണക്കിന് രോഗികൾ നിത്യേന ചികിത്സ തേടിയെത്തുന്ന ജനറൽ ആശുപത്രിയിൽ ഒ.പി ടിക്കറ്റെടുക്കാൻ മണിക്കൂറുകൾ കാത്തുനിൽക്കേണ്ട ദുരവസ്ഥയ്ക്ക് ശമനമായില്ല. കുപ്പിയും കുടയും ഫയലുമൊക്കെ അടയാളം വച്ചാണ് പലരും കാത്തിരിക്കുന്നത്. സാങ്കേതികവിദ്യ ഇത്രയധികം വികസിച്ചിട്ടും ഒ.പി ടിക്കറ്റ് കിട്ടാൻ തലേദിവസമേ ക്യൂ നിൽക്കേണ്ടി വരുന്നത് ചികിത്സയ്ക്കെത്തുന്ന രോഗികളെയും ബന്ധുക്കളെയും ചെറുതായൊന്നുമല്ല വലയ്ക്കുന്നത്. രാവിലെ 7നാണ് ഒ.പി ആരംഭിക്കുന്നത്. കാർഡിയോളജി ഒഴികെയുള്ള രോഗങ്ങൾക്ക് ചികിത്സയ്ക്കെത്തുന്നവർ അത്യാഹിതവിഭാഗം പ്രവർത്തിക്കുന്ന പുതിയ കെട്ടിടത്തോട് ചേർന്ന ഒ.പി വിഭാഗത്തിൽ നിന്നാണ് ടിക്കറ്റെടുക്കേണ്ടത്. നിലവിൽ രണ്ട് ഒ.പി കൗണ്ടറുകൾ മാത്രമാണുള്ളത്.

ഒ.പി ടിക്കറ്റ് എടുക്കാൻ പുലർച്ചെ രണ്ടുമുതൽ രോഗികൾ എത്തിത്തുടങ്ങും. ദൂരെ നിന്ന് വരുന്നവരിൽ പലർക്കും കാർഡിയോളജി ഒ.പി ഇവിടെ പ്രവർത്തിക്കുന്നില്ലെന്ന് അറിയില്ല. അവർ ശ്രദ്ധിക്കും വിധം ഒരു ബോർഡ് സ്ഥാപിച്ചിട്ടുമില്ല. അടുത്തിടെ ഒരുദിവസം 75 ഒ.പി ടിക്കറ്റുകളാണ് നൽകിയത്. ഒ.പി ടിക്കറ്റെടുപ്പ് കടമ്പ കഴിഞ്ഞ് ഡോക്ടറെ കാണുംവരെ മണിക്കൂറുകൾ നീളുന്ന ക്യൂ രോഗികളെ തളർത്തുകയും ചെയ്യും. അതേസമയം, ഇപ്പോൾ കാർഡിയോളജി ഒ.പി ടിക്കറ്റ്, ഒ.പി പ്രവർത്തനം തീരുന്ന സമയം വരെ നൽകുന്നത് രോഗികൾക്ക് നേരിയ ആശ്വാസമാണ്.

വേണം ടോക്കൺ ഡിസ്പെൻസർ

ഒ.പിയിൽ ടോക്കൺ ഡിസ്പെൻസർ മെഷീൻ സ്ഥാപിക്കണമെന്നാണ് രോഗികളുടെ ആവശ്യം. ഇതുവഴി സമയം ലാഭിക്കാനാകും. അതേസമയം, ഇപ്പോൾ കാർഡിയോളജി ഒ.പി ടിക്കറ്റ്, ഒ.പി പ്രവർത്തനം തീരുന്ന സമയം വരെ നൽകാൻ അധികൃതർ തയ്യാറായിട്ടുള്ളത് ആശ്വാസകരമാണ്.