hi

വെഞ്ഞാറമൂട്: രണ്ടുപകലും ഒരു രാത്രിയും ജനങ്ങളെ ഭീതിയിലാഴ്‌‌ത്തി പള്ളിപ്പുറം ടെക്‌നോസിറ്റിക്ക് സമീപത്തിറങ്ങിയ കാട്ടുപോത്തിനെ ഒടുവിൽ മയക്കുവെടിവച്ച് പിടികൂടി. ഇന്നലെ ഉച്ചയോടെ തേക്കടി കടുവ വന്യമൃഗ സങ്കേതത്തിൽ നിന്നുള്ള വെറ്ററിനറി സർജൻ ഡോ. അനുരാജ്, കോട്ടൂർ ആന സങ്കേതത്തിലെ ഡോ.അരുൺ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കാട്ടുപോത്തിനെ മയക്കുവെടിവച്ചത്. അതിവേഗത്തിൽ പാഞ്ഞ കാട്ടുപോത്തിനെ മൂന്നുതവണ വെടിവച്ചെങ്കിലും ഒരിക്കലേ ലക്ഷ്യം കണ്ടുള്ളൂ. വെടിയേറ്റ കാട്ടുപോത്ത് സംസ്ഥാന പാതയിലൂടെ ഒരുകിലോമീറ്റർ ഓടിയ ശേഷം മാണിക്കൽ പഞ്ചായത്തിലെ പിരപ്പൻകോട് തെന്നൂർ ഏലായിൽ മയങ്ങിവീഴുകയായിരുന്നു. ഓട്ടത്തിനിടെ എട്ടടിയോളം ഉയരമുള്ള മൂന്ന് മതിലുകൾ നിഷ്പ്രയാസം കാട്ടുപോത്ത് ചാടി. മറ്റ് മൂന്ന് മതിലുകൾ തകർത്തു. രാത്രിയോടെ കാട്ടുപോത്തിനെ പേപ്പാറ വനമേഖലയിൽ തുറന്നുവിട്ടു.

പിരപ്പൻകോട് ഭാഗത്ത് ഒരു റബ്ബർ തോട്ടത്തിലാണ് ഇന്നലെ വീണ്ടും പോത്തിനെ കണ്ടത്. തുടർന്ന് വനപാലകരും വെറ്ററിനറി ഡോക്ടർമാരുടെ സംഘവും സ്ഥലത്തെത്തുകയും പത്തോടെ ആൾപ്പാർപ്പില്ലാത്ത മറ്റൊരു പുരയിടത്തിൽ വച്ച് വെടിവയ്‌ക്കുകയുമായിരുന്നു. വെടിയേറ്റ കാട്ടുപോത്ത് അവിടെ അല്പസമയം കിടന്നു. മയക്കം മാറിയതോടെ റോഡ് മുറിച്ചുകടന്ന് പിരപ്പൻകോട് പെട്രോൾ പമ്പിന് സമീപമുള്ള റബ്ബർ പുരയിടത്തിലേക്ക് ഓടിക്കയറി. ഇതോടെ വെറ്ററിനറി സംഘം വീണ്ടും വെടിവച്ചു. വെടിയേറ്റതിനു പിന്നാലെ പോത്ത് പുരയിടത്തിലെ മതിൽ ഇടിച്ചുതകർത്ത് തെന്നൂർ ഭാഗത്തേക്ക് ഓടി അവിടെയുള്ള ഒരു വാഴക്കൃഷിയിടത്തിൽ മയങ്ങിവീഴുകയായിരുന്നു. തുടർന്ന് വനപാലകസംഘവും വെറ്ററിനറി സംഘവും, റാപ്പിഡ് റസ്‌പോൺസ് ടീമും സ്ഥലത്തുണ്ടായിരുന്ന പൊലീസ്, ഫയർഫോഴ്‌സ് എന്നിവരുടെ സഹായത്തോടെ കൈകാലുകൾ ബന്ധിച്ച് ജെ.സി.ബിയിൽ റോഡിലെത്തിച്ച് ലോറിയിൽ കയറ്റി. തഹസീൽദാർ സജീവ്, ആർ.ഡി.ഒ വിനീത് കുമാർ, ഡി.എഫ്.ഒ അനിൽ ആന്റണി, പാലോട്, കുളത്തൂപ്പുഴ, പരുത്തിപ്പള്ളി എന്നിവിടങ്ങളിലെ റേഞ്ച് ഓഫീസർമാർ, വെഞ്ഞാറമൂട് സർക്കിൾ ഇൻസ്‌പെക്ടർ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം, വെഞ്ഞാറമൂട്, ആറ്റിങ്ങൽ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സും ഉദ്യമത്തിൽ പങ്കാളിയായി.