തിരുവനന്തപുരം : പ്ളസ് വൺ പ്രവേശനത്തിന്റെ രണ്ടാം സപ്ളിമെന്ററി അലോട്ട്മെന്റ് ഫലം ഇന്ന് രാവിലെ 10 മുതൽ പ്രവേശനം സാദ്ധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും. മൂന്നാം സപ്ളിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള വിദ്യാർത്ഥി പ്രവേശനം ഇന്ന് രാവിലെ 10 മുതൽ 29 വൈകിട്ട് നാല് വരെയുള്ള സമയപരിധിയിൽ നടത്തും. അലോട്ട്മെന്റ് വിവരങ്ങൾ www.admission.dge.kerala.gov.in ലെ click for Higher Secondary Admission ലിങ്കിലെ Candidate Login - SWS ലെ Supplementary Allot Results ലൂടെ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Supplementary Allot Results ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിലെ സ്കൂളിൽ രക്ഷാകർത്താവിനൊപ്പം മേയ് 13 ന് പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. പ്രവേശനത്തിനാവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അഡ്മിഷൻ സമയത്ത് അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിന്റെടുത്ത് നൽകും. അലോട്ട്മെന്റ് ലഭിച്ചവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.
രണ്ടാം സപ്ളിമെന്ററി അലോട്ട്മെന്റിന് ശേഷമുള്ള വേക്കൻസിയും മറ്റ് വിശദാംശങ്ങളും ജില്ല \ ജില്ലാന്തര സ്കൂൾ \ കോമ്പിനേഷൻ ട്രാൻസ്ഫറിനായി ജൂലായ് 30 ന് ഉച്ചയ്ക്ക് രണ്ടിന് പ്രസിദ്ധീകരിക്കും.
നീറ്റ് പുതിയ റാങ്ക് പട്ടിക 2 ദിവസത്തിനകം
തിരുവനന്തപുരം: നീറ്റ് യു.ജി പരീക്ഷയുടെ പുതിയ റാങ്ക് പട്ടിക 2ദിവസത്തിനകം എൻട്രൻസ് കമ്മിഷണർക്ക് ലഭിക്കും. ഇതിനു ശേഷമായിരിക്കും മെഡിക്കൽ പ്രവേശനത്തിനുള്ള നടപടിക്രമങ്ങൾ തുടങ്ങുക. രണ്ട് ഉത്തരങ്ങൾക്ക് മാർക്ക് നൽകാനുള്ള തീരുമാനം റദ്ദാക്കിയതോടെയാണ് റാങ്ക് പട്ടികയിൽ മാറ്റം വരുന്നത്. നാലു ലക്ഷത്തോളം പേർക്ക് അധികമായി നാല് മാർക്ക് ലഭിച്ചെന്നാണ് സൂചന. തീരുമാനം റദ്ദാക്കിയതോടെ നാല് മാർക്കിന് പുറമെ, തെറ്റായ ഉത്തരത്തിന് ഒരു നെഗറ്റിവ് മാർക്ക് കൂടി ചേർത്ത് അഞ്ചുമാർക്ക് കുറയും. ഇത് റാങ്ക് പട്ടികയിൽ കാര്യമായ മാറ്റമുണ്ടാക്കും. കേരളത്തിൽനിന്ന് നാലും തമിഴ്നാട്ടിൽ എട്ടും രാജസ്ഥാനിലെ കോട്ടയിൽ ഒരു കോച്ചിംഗ് സെന്ററിൽ പഠിച്ച 10പേർക്കുമുൾപ്പെടെ ഒന്നാംറാങ്കുണ്ടായിരുന്നു. 2020ൽ-രണ്ട്, 2021ൽ-മൂന്ന്, 2023ൽ-രണ്ട് പേർക്കു വീതമായിരുന്നു 715സ്കോറോടെ ഒന്നാംറാങ്ക്. ഇത്തവണ കേരളത്തിൽ 700ലേറെ സ്കോറുള്ളവർ മുന്നൂറോളം പേരുണ്ട്. 700നും 675നുമിടയിൽ സ്കോറുള്ള രണ്ടായിരംപേരും 650ലേറെ സ്കോറുള്ള മൂവായിരം പേരുമുണ്ട്. സുപ്രീംകോടതി ഉത്തരവോടെ എൻ.ടി.എ പുതുക്കിയ റാങ്ക് പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിക്കണം. ഈ പട്ടിക ലഭിച്ചാൽ മാത്രമേ
പ്രത്യേക റാങ്ക് പട്ടിക തയ്യാറാക്കി സംസ്ഥാന ക്വാട്ടയിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിക്കാനാകൂ. ഇതിനിടെ, പുതുക്കിയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചുവെന്ന് ഇന്നലെ വൈകീട്ട് അഭ്യൂഹങ്ങൾ പരന്നു. എന്നാൽ, കേന്ദ്രസർക്കാർ ഇത് നിഷേധിച്ചു.