തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി സതീശൻ സമാന്തര രാഷ്ട്രീയ പ്രവർത്തനം നടത്തുന്നുവെന്ന് കെ.പി.സി.സി യോഗത്തിൽ നേതാക്കളുടെ രൂക്ഷവിമർശനം. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളിൽ പ്രതിപക്ഷനേതാവ് നടത്തുന്ന ഇടപെടലുകൾക്കെതിരെയാണ് വിമർശനം. കെ.പി.സി.സിയുടെ അധികാരത്തിൽ കൈകടത്തുന്നുവെന്നും ജില്ലകളുടെ ചുമതലയുള്ള നേതാക്കളെ അറിയിക്കാതെ തീരുമാനമെടുക്കുന്നുവെന്നുമാണ് പ്രധാന വിമർശനം. കെ.പി.സി.സി അയച്ച സർക്കുലറിന് പുറമേ പ്രതിപക്ഷനേതാവ് ഡി.സി.സികൾക്ക് നൽകിയ നിർദ്ദേശങ്ങളാണ് വിമർശനത്തിന് വഴിവച്ചത്.
ഇന്നലെ വൈകിട്ട് ആറിന് ഓൺലൈനായി ചേർന്ന അടിയന്തര നേതൃയോഗത്തിലായിരുന്നു വിമർശനം. പ്രതിപക്ഷ നേതാവിന്റെ പേഴ്‌സണൽ സ്റ്റാഫംഗം അഡ്മിനായി വാട്‌സാപ്പ് ഗ്രൂപ്പ് തുടങ്ങി അതിലൂടെ നിർദ്ദേശങ്ങളും സർക്കുലറും കൈമാറുന്നു. ഇത് സമാന്തര പ്രവർത്തനമാണ്. വയനാട്ടിലെ നേതൃയോഗത്തിന്റെ ശോഭ കെടുത്തിയത് സതീശനാണ്. യോഗത്തിലെ വിവരങ്ങളും വിമർശനങ്ങളും മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകി വാർത്തയാക്കി. ഇത്തരം പ്രവർത്തനങ്ങൾ അപക്വമാണെന്നും വിമർശനമുയർന്നു.
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.പി.സി.സി അയച്ച സർക്കുലറിന് പുറമേ പ്രതിപക്ഷനേതാവ് ചില നിർദ്ദേശങ്ങൾ തങ്ങളെ അറിയിക്കാതെ ഡി.സി.സികൾക്ക് കൈമാറിയെന്ന് കാട്ടി ജനറൽ സെക്രട്ടറിമാരിൽ ചിലർ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ഭാരവാഹികൾക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര ഭാരവാഹിയോഗം ഓൺലൈനായി വിളിച്ചു ചേർത്തത്.
കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിമാരുടെ നേതൃത്വത്തിൽ നടന്ന പെർഫോമൻസ് ഓഡിറ്റിൽ ചില ഡി.സി.സി അദ്ധ്യക്ഷൻമാർക്കെതിരെയും ചില നേതാക്കൾ വിമർശനവും പരാതിയുമുയർത്തി. ഇടുക്കി, കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ പ്രസിഡന്റുമാർക്കെതിരെയാണ് പരാതിയുണ്ടായത്. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ അദ്ധ്യക്ഷൻമാർ പ്രവർത്തനം ഊർജ്ജിതമാക്കണമെന്നും ചിലർ ആവശ്യപ്പെട്ടു.
വയനാട്ടിന്റെ ക്യാമ്പിന്റെ അന്തസത്ത പ്രതിപക്ഷനേതാവ് തന്നെ കളഞ്ഞു. പരിഭവങ്ങൾ മറന്ന് എല്ലാവരും ഒരുമിച്ച് പോകണമെന്ന് പ്രസംഗിച്ചയാൾ തന്നെ അതിനെ തുരങ്കം വെച്ചു. കെ.പി.സി.സിയുടെ പ്രവർത്തനങ്ങളിൽ ഏകപക്ഷീയമായി മേൽക്കൈ നേടാൻ പ്രതിപക്ഷനേതാവ് ശ്രമിക്കുന്നുവെന്നും നേതാക്കൾ വിമർശിച്ചു. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ വിളിച്ചു ചേർത്ത യോഗത്തിൽ ജനറൽ സെക്രട്ടറിമാരും വൈസ് പ്രസിഡന്റുമാരുമടക്കം 22 ഭാരവാഹികൾ പങ്കെടുത്തു.
#സുധാകരപക്ഷം
പരാതി നൽകി
കെ.പി.സി.സി അദ്ധ്യക്ഷനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ ആക്രമണം നടക്കുന്നുവെന്നും ഇതിന് പിന്നിൽ സതീശനെ പിന്തുണയ്ക്കുന്നവരാണെന്നും കാട്ടി എ.ഐ.സി.സി നേതൃത്വത്തിന് മറ്റൊരു പരാതിയും സുധാകരപക്ഷം നൽകിയിട്ടുണ്ട്.