വിതുര: തൊളിക്കോട്,വിതുര പഞ്ചായത്തുകളിൽ വീണ്ടും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. നായ്ക്കളുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. തെരുവുനായ്ക്കളിൽ പലതിനും പേവിഷ ബാധയുണ്ടെന്നാണ് പറയുന്നത്.
വിതുര ഗവ. താലൂക്ക് ആശുപത്രി,ഗവ.യു.പി.എസ്, ഗവ.ഹൈസ്‌കൂൾ,വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോ എന്നിവിടങ്ങളിലും നായ്ക്കളുടെ ശല്യമുണ്ട്. അടുത്തിടെ തൊളിക്കോട് പഞ്ചായത്തിൽ വൃദ്ധനും രണ്ട് കുട്ടികൾക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. പൊന്മുടി-തിരുവനന്തപുരം സംസ്ഥാനപാതയിലെ പ്രധാന ജംഗ്ഷനുകളിലെല്ലാം നായശല്യമുണ്ട്. ഇതിനിടയിൽ വന്ധ്യംകരണം നടത്തുന്നതിനായി വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ നിന്നും നായ്ക്കളെ പിടികൂടി കൊണ്ടുപോകാറുണ്ട്. എന്നാൽ വന്ധ്യംകരണം കഴിഞ്ഞ് കൊണ്ടുപോകുന്നതിന്റെ ഇരട്ടിയിലേറെ നായ്‌ക്കളെ തിരിച്ചെത്തിക്കുന്നെന്നാണ് പരാതി.
വിതുര കലുങ്ക് ജംഗ്ഷൻ നായ്ക്കളുടെ നിയന്ത്രണത്തിൽ
പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിലെ പ്രമുഖ ജംഗ്ഷനായ വിതുര കലുങ്ക് തെരുവുനായ്ക്കളുടെ നിയന്ത്രണത്തിലായിട്ട് മാസങ്ങളേറയായി. രാത്രിയിൽ ബസിറങ്ങുന്നവർ സൂക്ഷിച്ചില്ലെങ്കിൽ കടി ഉറപ്പാണ്. പുലർച്ചെ ബസിൽ പുറപ്പെടുവാൻ എത്തിയവരെ നായ്ക്കൾ കടിച്ചുകുടഞ്ഞ സംഭവവുമുണ്ടായിട്ടുണ്ട്. വിതുര ഗവൺമെന്റ് യു.പി.എസ്, ഹൈസ്കൂൾ എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ വിതുര കലുങ്ക് ജംഗ്ഷനിലാണ് ബസ് കാത്ത് നിൽക്കുന്നത്. തെരുവുനായ ശല്യത്തിന് തടയിടണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ പരാതി നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചില്ല.
വളർത്തുമൃഗങ്ങളെ കടിച്ചുകീറി
വിതുര,തൊളിക്കോട് പഞ്ചായത്തുകളിലെ തേവൻപാറ,ഭദ്രംവച്ചപാറ,നാഗര,പുളിച്ചാമല,പരപ്പാറ,ചായം, കല്ലാർ,ചായം,ജഴ്സിഫാം,മരുതാമല,ചാത്തൻകോട്, ചെറ്റച്ചൽ, ആനപ്പാറ,തോട്ടുമുക്ക്, കന്നുകാലിവനം,പൊൻപാറ,മേമല പുളിച്ചാമല,മരുതുംമൂട്,ചെറ്റച്ചൽ, മേഖലകളിൽ തെരുവുനായ്‌ക്കൾ ആടുകളെയും കോഴികളെയും കൂട്ടത്തോടെ കൊന്നൊടുക്കിയിട്ടുണ്ട്. പൗൾട്രി ഫാമുകളിലും അതിക്രമിച്ചുകയറി കോഴികളെ കൊന്നാെടുക്കിയ സംഭവവുമുണ്ടായി.
മാലിന്യം
പൊന്മുടി-തിരുവനന്തപുരം സംസ്ഥാനപാതയുടെ മിക്ക ഭാഗത്തും മാലിന്യം വലിച്ചെറിഞ്ഞിട്ടുണ്ട്. ഇവിടങ്ങളിൽ തെരുവുനായ്ക്കൾ കൂട്ടത്തോടെ എത്തും. മാലിന്യം ഭക്ഷിക്കാനെത്തുന്ന ഇവ റോഡിലൂടെ പോകുന്നവരെ ആക്രമിക്കുകയാണ് പതിവ്.
സഞ്ചാരികളും ബുദ്ധിമുട്ടിൽ
പൊന്മുടിയിലേക്കുള്ള വിനോദസഞ്ചാരികളും തെരുവുനായ്ക്കളുടെ ശല്യത്തിൽ ബുദ്ധിമുട്ടുകയാണ്. പൊന്മുടി, കല്ലാർ, ബോണക്കാട്,പേപ്പാറ ടൂറിസം മേഖലകളിലാണ് ശല്യം കൂടുതൽ. ടൂറിസ്റ്റുകളെ ആക്രമിക്കാനും ശ്രമിച്ചിട്ടുണ്ട്.