ldf-sthanardhikal

കല്ലമ്പലം: ബി.ജെ.പി ഭരിക്കുന്ന കരവാരം പഞ്ചായത്തിലെ പട്‌ളയിലും ചാത്തൻപാറയിലും 30ന് ഉപതിരഞ്ഞെടുപ്പ് നടക്കും. 31ന് ഫലം പ്രഖ്യാപിക്കും. ഭരണസമിതിയിലെ വൈസ് പ്രസിഡന്റടക്കം 2 വനിത അംഗങ്ങൾ രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.12-ാം വാർഡ് അംഗവും വൈസ് പ്രസിഡന്റുമായ എസ്.സിന്ധു,16-ാം വാർഡ് അംഗവും ക്ഷേമകാര്യ സമിതി അദ്ധ്യക്ഷയുമായ എം.തങ്കമണി എന്നിവർ രാജിവച്ച് സി.പി.എമ്മിൽ ചേർന്നിരുന്നു. പട്‌ള വാർഡിൽ ബേബി ഗിരിജ, ചാത്തൻപാറ വാർഡിൽ വിജി വേണു എന്നിവരാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ.യു.ഡി.എഫിന് പട്‌ളയിൽ എം.ലാലിയും ചാത്തൻപാറയിൽ ആർ.രാജിയുമാണ് മത്സരിക്കുന്നത്. ബി.ജെ.പിയിൽ നിന്ന് പട്‌ള വാർഡിലേക്ക് എസ്.ബിന്ദുവും ചാത്തൻപാറ വാർഡിലേക്ക് ബി.അമ്പിളിയുമാണ് ജനവിധി തേടുന്നത്. 18 സീറ്റുകൾ ഉള്ള കരവാരം പഞ്ചായത്തിൽ ബി.ജെ.പി- 7, എൽ.ഡി.എഫ്-5,യു.ഡി.എഫ്- 2, എസ്‌.ഡി.പി.ഐ -2 എന്നിങ്ങനെയാണ് ഇപ്പോഴത്തെ കക്ഷി നില. എങ്ങനെയും സീറ്റ് നില നിറുത്താനുള്ള തീവ്ര ശ്രമത്തിലാണ് ബി.ജെ.പി. 5 സീറ്റുകളുള്ള എൽ.ഡി.എഫ് രണ്ട് സീറ്റുകൂടി പിടിച്ച് ബി.ജെ.പിക്ക് ഒപ്പമെത്താൻ പരിശ്രമിക്കുന്നു.