കിളിമാനൂർ: അപസർപ്പകഥകളിൽ പ്രേതത്തിന്റെയും,ആത്മാക്കളുടെയും പ്രതീകാത്മകമായി ചിത്രീകരിച്ച് പൊതുവേ ചീത്തപ്പേരുള്ള ജീവിയാണ് വവ്വാൽ. ഇരുട്ടത്ത് പുറത്തിറങ്ങുന്നതിനാൽ വവ്വാലിന്റെ ചീത്തപ്പേര് കൂടി. ഇപ്പോൾ സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചതോടെ ഗ്രാമങ്ങളിൽ വവ്വാൽ വലിയൊരു ഭീകര ജീവിയായി മാറിയിരിക്കുകയാണ്.
ഗ്രാമപ്രദേശങ്ങളിൽ പഴവർഗങ്ങളുടെ സീസണായതോടെ വവ്വാലുകൾ കൂട്ടമായി സന്ധ്യ കഴിയുമ്പോൾ എത്തും. സമീപകാലത്താണ് ഇവയുടെ ശല്യം അതിരൂക്ഷമായത്.
പകൽ സമയങ്ങളിൽ കാവുകളിലും ആലിലും കൂറ്റൻ മരങ്ങൾക്ക് മുകളിലും കഴിയുന്ന ഇവ രാത്രികാലങ്ങളിൽ വീടുകൾക്കുള്ളിലും പറന്നെത്തും. അലർജിയടക്കമുള്ള പല ആരോഗ്യപ്രശ്‌നങ്ങൾക്കും വവ്വാൽ സാന്നിദ്ധ്യം കാരണമാകുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു. റബർ തോട്ടങ്ങളിൽ നിന്നും വവ്വാലിന്റെ ശബ്ദം ആളുകളിൽ അലോസരത്തിനിടയാക്കുന്നു.പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും ഓടിച്ചുവിട്ടാലും മണിക്കൂറുകൾക്കുള്ളിൽ ഇവ വീണ്ടും പറന്നെത്തുമെന്ന് നാട്ടുകാർ പറയുന്നു.
പഴമൊന്നും കിട്ടില്ല
ചക്ക,മാങ്ങ, കശുഅണ്ടി,റംബൂട്ടാൻ,ജാമ്പക്ക,പേരയ്ക്ക,ലൂബിക്ക തുടങ്ങി തൊടിയിലെ പഴങ്ങളെല്ലാം കൂട്ടത്തോടെ വവ്വാലുകൾ തിന്നും. അതുകൊണ്ടുതന്നെ ഇപ്പോൾ ഈ പഴങ്ങളൊന്നും ഭക്ഷിക്കാൻ നാട്ടുകാർക്ക് കഴിയുന്നില്ല.