jubilee

# ഒരു വർഷം നീളുന്ന ആഘോഷം

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർ‌ഡ് എഴുപത്തിയഞ്ചാം വയസിലേക്ക്. ഒരു വർഷം നീളുന്ന പ്ളാറ്റിനം ജൂബിലി ആഘോഷം ആഗസ്റ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

അദ്ധ്യാത്മിക ശിബിരങ്ങൾ, സാംസ്കാരിക സമ്മേളനങ്ങൾ, നൂതന പദ്ധതികൾ, കലാപീഠം വിദ്യാർത്ഥികളുടെയും പൂർവവിദ്യാർത്ഥികളുടെയും കലാപരിപാടികൾ എന്നിവ സംഘടിപ്പിക്കും.

1949 ഓഗസ്റ്റ് ഒന്നിനാണ് ബോ‌ർഡ് നിലവിൽ വന്നത്. പ്രഥമ പ്രസിഡന്റ് മന്നത്ത് പദ്മനാഭനായിരുന്നു. ആർ.ശങ്കർ,​ കെ. ശങ്കരനാരായണ അയ്യർ എന്നിവരായിരുന്നു അംഗങ്ങൾ. ശബരിമല അടക്കം 1252 ക്ഷേത്രങ്ങളാണ് ബോർഡിന്റെ അധീനതയിലുള്ളത്. 5500 ജീവനക്കാരും 4500 പെൻഷൻകാരുമുണ്ട്.

പ്ളാറ്റിനം ജൂബിലിയുടെ ഭാഗമായി ജീവനക്കാർക്കും പെൻഷൻകാർക്കുമായി ദേവസ്വംബോർഡ് സമ്പൂർണ ആരോഗ്യ ഇൻഷ്വറൻസ് ഏർപ്പെടുത്തുന്നുണ്ട്. ഇതിലേക്ക് കമ്പനികളിൽനിന്ന് താത്പര്യപത്രം ക്ഷണിച്ചുകഴിഞ്ഞു.

ഘട്ടംഘട്ടമായി എല്ലാ ക്ഷേത്രങ്ങളിലും സോളാർ പാനലുകൾ സ്ഥാപിക്കും. ശബരിമലയിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിന് സിയാലുമായി പ്രാഥമിക ചർച്ചകൾ നടന്നു.

ബോ‌ർഡിൽ സമ്പൂർണ ഡിജിറ്റൈസേഷൻ ക്രമീകരണം ഐ.ടി വിദഗ്ധൻ ഡോ.വിനോദ് ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.

സദ്യാലയങ്ങൾ നവീകരിക്കാനും തീരുമാനമായിട്ടുണ്ട്. നിലയ്ക്കലിൽ അരവണപ്രസാദം നൽകുന്നതിലുള്ള പ്ളാന്റ് സ്ഥാപിക്കുന്നതിന് താത്പര്യപത്രം ക്ഷണിച്ചു. ആതുര ശുശ്രൂഷാരംഗത്ത് സത്യസായി ട്രസ്റ്റുമായി ചേർന്ന് ആദ്യഘട്ടം മൂന്ന് ഡയാലിസിസ് യൂണിറ്റുകൾ ആരംഭിക്കും. ആഘോഷങ്ങൾക്കായി ദേവസ്വം കമ്മിഷണർ ചെയർമാനായും സാംസ്കാരിക പുരാവസ്തുവിഭാഗം ഡയറക്ടർ കൺവീനറായും സംഘാടക സമിതി രൂപീകരിച്ചു.