വക്കം/പള്ളിക്കൽ: വക്കത്തെ പണയിൽകടവ് പാലത്തിലും പള്ളിക്കൽ ഗ്രാമത്തിലും വഴിവിളക്കുകൾ കത്താതായിട്ടും നടപടിയെടുക്കാതെ അധികൃതർ. ഏറെ തിരക്കേറിയ പണയിൽകടവ് പാലത്തിലെ വഴിവിളക്കുകൾ കേടായിട്ട് ഒരു വർഷമായി. 13.89 ലക്ഷം മുടക്കി പാലത്തിൽ സ്ഥാപി എൽ.ഇ.ഡി ലൈറ്റുകളാണ് നോക്കുകുത്തിയായിരിക്കുന്നത്. കുട്ടികളും മുതിർന്നവരും സമീപത്തെ ആശുപത്രിയിലെ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ പ്രകൃതിഭംഗി ആസ്വദിക്കാനും സായാഹ്നം ചെലവിടാനും കായൽ കാറ്റേൽക്കാനും പാലത്തിലെത്താറുണ്ട്. വഴിവിളക്കുകൾ പ്രകാശിക്കാത്തതിനാൽ സന്ധ്യ മയങ്ങുന്നതോടെ ഇവിടെയെത്തുന്നവർ മടങ്ങിപ്പോവും. ഇരുട്ടിന്റെ മറവിൽ അക്രമണങ്ങളുണ്ടാകുമെന്ന ഭയവും ഇവർക്കുണ്ട്. വിവിധ സ്ഥലങ്ങളിൽ നിന്ന് നിരവധി വിനോദ സഞ്ചാരികൾ പൊന്നുംതുരുത്തിന്റെ ഭംഗി ആസ്വദിക്കാനും കായലിലെ ബോട്ട് സവാരിക്കും എത്തുന്ന സ്ഥലം കൂടിയാണിവിടം. പാലത്തിന്റെ പല ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ് അപകടഭീഷണിയുണ്ടാക്കുന്നുണ്ട്. വെളിച്ചമില്ലാത്തതിനാൽ തന്നെ രാത്രികാലങ്ങളിലെ യാത്രയും അപകടം ക്ഷണിച്ചുവരുത്തുന്നുണ്ട്.
പള്ളിക്കൽ ഗ്രാമത്തിൽ തെരുവുവിളക്കുകൾ കത്താത്തതിനാൽ രാത്രികാലങ്ങളിൽ അപകടങ്ങളും സാമൂഹ്യവിരുദ്ധശല്യവും വർദ്ധിച്ചു. പള്ളിക്കൽ കവലയിലെ സ്ഥിതിയും സമാനമാണ്. ഇരുട്ടായാൽ ഗ്രാമപ്രദേശത്ത് കാട്ടുപന്നികൾ ഇരുചക്രവാഹനങ്ങൾക്ക് മുന്നിലേക്ക് ചാടി യാത്രക്കാർ അപകടത്തിൽപ്പെടുന്നതും പതിവാണ്. നിലാവ് പദ്ധതിപ്രകാരം ഗ്രാമത്തിൽ അഞ്ഞൂറോളം ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ അറ്റകുറ്റപ്പണി ഏഴുവർഷം കെ.എസ്.ഇ.ബിയുടെ ചുമതലയാണ്. എന്നാൽ. കരാറുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളെ തുടർന്ന് അവർ അറ്റകുറ്റപ്പണി നടത്തുന്നില്ല. അറ്റകുറ്റപ്പണികൾക്ക് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് എ.ഷിബിലി ആവശ്യപ്പെട്ടു.