കോവളം: വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന തിരുവല്ലത്തെ സബ് രജിസ്ട്രാർ ഓഫീസ് ആഗസ്റ്റ് മുതൽ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിച്ചുതുടങ്ങും. 'തിരുവല്ലം സബ് രജിസ്ട്രാർ ഓഫീസിന് സ്വന്തം കെട്ടിടമുണ്ട്, പക്ഷേ വാടക കെട്ടിടത്തിലേ പ്രവർത്തിക്കൂ'' എന്ന തലക്കെട്ടിൽ കേരളകൗമുദി വ്യാഴാഴ്ച പ്രസിദ്ധീകരിച്ച വാർത്തയാണ് അധികൃതരുടെ കണ്ണുതുറപ്പിച്ചത്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മാർച്ചിൽ ഉദ്ഘാടനം ചെയ്ത കെട്ടിടം ഉപയോഗിക്കാതെ കിടക്കുകയാണെന്നും ഓഫീസ് വാടക കെട്ടിടത്തിലായതിനാൽ അഞ്ചുമാസം കൊണ്ട് 1.75 ലക്ഷം രൂപ വാടകയിനത്തിൽ സർക്കാരിന് ചെലവായെന്നും വാർത്തയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വാർത്തയ്ക്ക് പിന്നാലെ രജിസ്ട്രേഷൻ വകുപ്പ് സെക്രട്ടറി ഇടപെടുകയും സബ് രജിസ്ട്രാർ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ രജിസ്ട്രേഷൻ ഐ.ജി മുഖേന ജില്ലാ രജിസ്ട്രാർക്ക് നിർദ്ദേശം നൽകുകയുമായിരുന്നു.
1962ൽ തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിനു സമീപത്തെ ഓഫീസ് കാലപ്പഴക്കത്തെ തുടർന്ന് 2018ൽ പൊളിച്ചുമാറ്റി. അന്നുമുതൽ തിരുവല്ലം - കരുമം റോഡിലെ മേനിലത്തെ വാടക കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. തിരുവല്ലം, വെങ്ങാനൂർ വില്ലേജുകളുടെ പരിധിയിൽ വരുന്ന ആധാരങ്ങൾ, ബാങ്ക് ചിട്ടി എന്നിവയുടെ പ്രധാന രജിസ്‌ട്രേഷനുകൾ ഇവിടെയാണ് നടക്കുന്നത്. തിരുവല്ലം ജംഗ്ഷനിൽ ഇരുപതോളം ആധാരം എഴുത്ത് ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. ഇടപാടുകാർക്ക് ഇവിടെനിന്ന് ഒരു കിലോമീറ്ററോളം നടന്നുവേണം നിലവിലെ ഓഫീസിലെത്താൻ. ജനങ്ങളുടെ ഈ ദുരിതവും വാർത്തയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
പുതിയ കെട്ടിടത്തിലേക്ക് മാറാൻ ജില്ലാരജിസ്ട്രാർ
നിർദ്ദേശിച്ചിട്ടുണ്ട്. ഉടൻ മറ്റ് നടപടികൾ പൂർത്തിയാക്കും
സബ് രജിസ്ട്രാർ ഇൻചാർജ്, തിരുവല്ലം ഓഫീസ്