കിളിമാനൂർ: വീടും ഭൂമിയുമില്ലാത്തവർക്ക് കരുതലിന്റെയും സ്‌നേഹത്തിന്റെയും പുത്തൻമാതൃക സൃഷ്ടിക്കുകയാണ് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്. പഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ച് ഭവനരഹിതർക്കായുള്ള ഫ്ലാറ്റ് നിർമ്മാണം പുരോഗമിക്കുകയാണ്.
എട്ട് പഞ്ചായത്തിലെ ഭവനരഹിതരും ഭൂരഹിതരുമായ പിന്നാക്കവിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്കാണ് വീടൊരുക്കുന്നത്. വിദ്യാഭ്യാസം,കുടിവെള്ളം,വൈദ്യുതി,വിനോദ ഉപാധികൾ തുടങ്ങിയ സൗകര്യങ്ങളുള്ള മൂന്ന് ഫ്ലാറ്റ് സമുച്ചയങ്ങളിൽ ഒന്ന് ഓണത്തിന് മുൻപായി നൽകും.പഴയകുന്നുമ്മൽ പഞ്ചായത്തിലെ 80 സെന്റ് പുരയിടം ബ്ലോക്ക് പഞ്ചായത്ത് വാങ്ങിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
സമ്പൂർണ സോളാർ ബ്ലോക്ക് പഞ്ചായത്ത്,ഹോളോബ്രിക്‌സ് യൂണിറ്റ്,ഹരിതകർമ്മ സേന,ജില്ലയിൽ ആദ്യമായി ഗ്യാസിലും വൈദ്യുതിയിലും പ്രവർത്തിപ്പിക്കുന്ന 'സമത്വ തീരം' ശ്മശാനം തുടങ്ങിയവ നടപ്പാക്കിയ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന് മറ്റൊരു പൊൻ തൂവലാകും ഈ ഫ്ലാറ്റ് സമുച്ചയം.