നെയ്യാറ്റിൻകര: മൂത്രാശയക്കല്ലിന് ചികിത്സ തേടിയ മലയിൻകീഴ് സ്വദേശി കൃഷ്ണ തങ്കപ്പൻ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ കുത്തിവയ്‌പിനെ തുടർന്ന് മരിക്കാനിടയായ സംഭവത്തിൽ ഇ.സി.ജിയിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ബിന്ദു മോഹന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസമിതിയുടെ റിപ്പോർട്ട്. മരുന്ന് മാറിനൽകിയെന്നും തുടർന്ന് മെഡിക്കൽ രേഖകളിൽ കൃത്രിമം നടത്തി മറ്റൊരാളുടെ ഇ.സി.ജി തിരികിക്കയറ്റിയെന്നുമായിരുന്നു പ്രധാന പരാതി. ഇ.സി.ജിയിലെ സമയവ്യത്യാസമാണ് കാരണമായി ചൂണ്ടിക്കാട്ടിയത്. എന്നാൽ ഇ.സി.ജി യന്ത്രത്തിന്റെ സമയം രണ്ടു മണിക്കൂർ മുന്നോട്ടാണെന്നും സാങ്കേതിമായ ഈ പിഴവാണ് ഇത്തരമൊരു പരാതിക്ക് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ടെന്നാണ് സൂചന. കുറച്ചു മാസങ്ങളായി എടുക്കുന്ന ഇ.സി.ജികളിൽ സമാനമായ സമയവ്യത്യാസമുണ്ടെന്നും വ്യക്തമായി. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.കെ.ജെ.റീനയ്ക്ക് നൽകിയ റിപ്പോർട്ട് അഡിഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെയ്ക്ക് കൈമാറി. 15ന് ചികിത്സ തേടിയ യുവതി 21ന് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരിച്ചത്.

എല്ലാവർക്കും പതിവായി നൽകുന്ന പാന്റോപ്രസോൾ മാത്രമാണ് കൃഷ്‌ണയ്ക്ക് നൽകിയതെന്നും അപൂർവങ്ങളിൽ അപൂർവമായുണ്ടാകുന്ന അലജർജിയാണ് യുവതി ഗുരുതരാവസ്ഥയിലാകാൻ കാരണമെന്നും റിപ്പോർട്ടിലുണ്ട്. രോഗി പറഞ്ഞതനുസരിച്ച് ആസ്മ പ്രശ്നമുണ്ടെന്നും ഇൻഹെയിലർ ഉപയോഗിക്കുന്നുണ്ടെന്നും രേഖകളിലുണ്ട്. എന്നാൽ പാന്റോപ്രസോൾ നൽകുന്നതിൽ തടസമില്ലാത്തതിനാലാണ് അത് നൽകിയതെന്നുമാണ് ഡോക്ടറുടെ വിശദീകരണം.അതേസമയം യുവതിയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം കൂടി വന്നശേഷമാകും സർക്കാർ അന്തിമ തീരുമാനമെടുക്കുക. യുവതിയുടെ ഭർത്താവ് ശരത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മന്ത്രി വീണാജോർജാണ് അന്വേഷണത്തിന് നിർദ്ദേശിച്ചത്.