mammootty

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് രചനയും സംവിധാനവും നിർവഹിക്കുന്ന ബസൂക്ക എന്ന ചിത്രത്തിന് രണ്ടുദിവസത്തെ ചിത്രീകരണം കൂടി. ഗൗതം മേനോൻ പങ്കെടുക്കുന്ന രംഗങ്ങൾ ആണ് ഇനി അവശേഷിക്കുന്നത്. ചിത്രത്തിലെ നിർണായ രംഗങ്ങൾ ഇതെന്നാണ് വിവരം.

മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് ഗൗതം മേനോൻ. അറുപത് ദിവസത്തെ ചിത്രീകരണമാണ് മമ്മൂട്ടി - ഗൗതം മേനോൻ ചിത്രത്തിന്. ബസൂക്കയിൽ പ്രധാന കഥാപാത്രത്തെയാണ് ഗൗതം മേനോൻ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയും ഗൗതം മേനോനും ആദ്യമായാണ് ഒരുമിച്ച് അഭിനയിക്കുന്നത്. പൂർണമായും മൈൻഡ് ഗെയിം ത്രില്ലർ ഗണത്തിൽപ്പെടുന്ന ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തരംഗമായിരുന്നു.

സിദ്ധാർത്ഥ് ഭരതൻ, ഷൈൻ ടോം ചാക്കോ, ഡീൻ ഡെന്നിസ്, സ്ഫടികം ജോർജ്, ദിവ്യ പിള്ള, ഐശ്വര്യ മേനോൻ എന്നിവരാണ് മറ്റു താരങ്ങൾ. പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് ഡിനോ. തിയേറ്റർ ഒഫ് ഡ്രിംസിന്റെ ബാനറിൽ ജിനു വി .എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് നിർമ്മാണം. നിമിഷ് രവിയാണ് ഛായാഗ്രഹണം.

കൊച്ചി, പാലക്കാട്, കോയമ്പത്തൂർ, ബംഗ്ളൂരു എന്നിവിടങ്ങളായിരുന്നു ലൊക്കേഷൻ. മമ്മൂട്ടിയുടെ അടുത്ത റിലീസാണ് ബസൂക്ക. ഒക്ടോബറിൽ റിലീസ് ഉണ്ടാകുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.