photo

പാലോട്: പതിറ്റാണ്ടുകളുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് പൂർത്തിയാക്കിയ ചെല്ലഞ്ചി പാലത്തിന് അഞ്ച് വയസ്. പാലം ഉദ്ഘാടനം കഴിഞ്ഞ് അഞ്ച് വർഷം പൂർത്തിയായിട്ടും ഗതാഗത സൗകര്യം ഒരുക്കുന്നതിന് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ കേക്കുമുറിച്ചും പായസം വിളമ്പിയും പ്രതിഷേധം സംഘടിപ്പിച്ചു. നന്ദിയോട് കല്ലറ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കെ.എസ്.ആർ.ടി.സിയോ സ്വകാര്യ ബസ് സർവീസുകളോ ആരംഭിക്കാത്തതിൽ പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.

ചെല്ലഞ്ചി പാലം

148.25 മീറ്റർ നീളവും 11.23 മീറ്റർ വീതിയിലുമാണ് പാലം പൂർത്തിയാക്കിയിട്ടുള്ളത്. വർക്കല- പാലോട്- പൊൻമുടി മേഖലകളെ ബന്ധിപ്പിക്കുന്ന തീർത്ഥാടന പാതക്ക് ഏക ആശ്രയമായ പാലമാണ് ചെല്ലഞ്ചിയിലേത്. അതേസമയം പാലത്തിനോടനുബന്ധിച്ചുള്ള പരപ്പിൽ റോഡിൽ 500 മീറ്റർ ദൂരം മാത്രം ഗതാഗത യോഗ്യമാക്കിയാൽ എല്ലാ പ്രതിസന്ധികൾക്കും പരിഹാരമാകുമായിരുന്നു.

വന്യമൃഗശല്യവും

മിതൃമ്മല, കല്ലറ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾ മുതുവിളയിലെത്തി ഏകദേശം ആറ് കിലോമീറ്ററോളം കാൽനടയായി സഞ്ചരിച്ചാൽ മാത്രമേ ഇവർക്ക് വീടുകളിലെത്താൻ കഴിയൂ. സന്ധ്യ മയങ്ങിയാലോ, മഴക്കാലമായാലോ വന്യമൃഗശല്യം രൂക്ഷമാണ് ഇവിടെ.

ആവശ്യം ശക്തം

സഞ്ചാരികൾക്കുള്ള ഇടത്താവളമെന്ന നിലയിൽ ബ്ലോക്ക് പഞ്ചായത്ത് 25 ലക്ഷം രൂപ 2022 ഫെബ്രുവരിയിൽ പ്രഖ്യാപിച്ചെങ്കിലും നാളിതുവരെ ഒന്നുമായില്ല. ബസ് സർവീസും പാലത്തിനു മുകളിൽ ഫെൻസിംഗും, സി.സി.ടി വി ക്യാമറയും, സ്ട്രീറ്റ് ലൈറ്റും സ്ഥാപിക്കണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം. ഇതിലേക്കായി ബൈജു ചെല്ലഞ്ചി ചെയർമാനും, വിനോദ് സപ്തപുരം കൺവീനറുമായി ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.