punj

തിരുവനന്തപുരം: സംസ്ഥാന പ്രവാസികാര്യ വകുപ്പിന്റെയും നോർക്ക റൂട്ട്സിന്റെയും പ്രവർത്തനങ്ങൾ മനസിലാക്കാനെത്തിയ പഞ്ചാബ് പ്രതിനിധി സംഘം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.പഞ്ചാബ് പ്രവാസികാര്യ മന്ത്രി കുൽദീപ് സിംഗ് ധലിവാളിന്റെ നേതൃത്വത്തിലുള്ള ഏഴംഗസംഘമാണ് ക്ലിഫ് ഹൗസിലെത്തിയത്. പ്രവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും അവരുടെ പ്രശ്നങ്ങൾ കേന്ദ്രസർക്കാരിന്റെ സഹകരണത്തോടെ പരിഹാരം കാണുന്നതിലും ഒത്തൊരുമയോടെ പ്രവർത്തിക്കാൻ കൂടിക്കാഴ്ചയിൽ തീരുമാനമായി.പഞ്ചാബ് എൻ.ആർ.ഐ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ദിലീപ് കുമാർ,എൻ.ആർ.ഐ വിംഗ് എ.ഡി.ജി.പി പ്രവീൺ കുമാർ സിൻഹ,അഡിഷണൽ സെക്രട്ടറി പരംജിത് സിംഗ്,എൻ.ആർ.ഐ സഭ എക്സിക്യൂട്ടീവ് ഡയറക്ടർ ദർബാര സിംഗ് രന്ധവ തുടങ്ങിയവരാണ് പ്രതിനിധിസംഘത്തിലുണ്ടായിരുന്നത്. നോർക്ക വകുപ്പ് സെക്രട്ടറി ഡോ.കെ.വാസുകി,നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി എന്നിവർ പങ്കെടുത്തു.