തിരുവനന്തപുരം: കണ്ടൽ കാടുകളുടെ ശോഷണം ഗൗരവമുള്ള പാരസ്ഥിതിക പ്രശ്നമാണെന്നും അവ വച്ചുപിടിപ്പിക്കാൻ കൂട്ടായ പ്രയത്നം ആവശ്യമാണെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ. ലോക കണ്ടൽ ദിനാഘോഷങ്ങളുടെ ഭാഗമായി വനംവകുപ്പിന്റെ നേതൃത്വത്തിൽ വൈൽഡ് ട്രസ്റ്റ് ഒഫ് ഇന്ത്യയുടെയും എസ്.ബി.ഐ ഫൗണ്ടേഷന്റെയും സഹകരണത്തോടെ കൊല്ലം ഹോട്ടൽ ലീല റാവീസിൽ നടന്ന സെമിനാർ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ 1975ൽ 70,000 ഹെക്ടറിൽ വ്യാപിച്ചുകിടന്നിരുന്ന കണ്ടലുകൾ 1,782 ഹെക്ടറായി ചുരുങ്ങിയെന്നും മന്ത്രി പറഞ്ഞു. വനം മേധാവി ഗംഗാ സിംഗ് അദ്ധ്യക്ഷനായി. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡി.ജയപ്രസാദ്, വൈൽഡ് ട്രസ്റ്റ് ഒഫ് ഇന്ത്യ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ പ്രൊഫ. ബി.സി.ചൗധരി, എസ്.ബി.ഐ ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് അമൻ ഭയ്യ തുടങ്ങിയവർ സംസാരിച്ചു.