വെള്ളറട: ചൂണ്ടിക്കൽ - ആറാട്ടുകുഴി - കൂട്ടപ്പൂ - ശൂരവക്കാണി റോഡ് പുനർനിർമ്മാണം തുടങ്ങി. വർഷങ്ങളായി തകർന്നു കിടക്കുകയായിരുന്നു. നേരത്തേ കരാർ എടുത്തിരുന്നയാൾ നിർമ്മാണ ഉദ്ഘാടനം കഴിഞ്ഞശേഷം പണി ഉപേക്ഷിച്ചു പോയി.
റോഡിലൂടെ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും പോകാൻപറ്റാത്ത അവസ്ഥയായിരുന്നു. മഴപെയ്താൽ റോഡിൽ വൻ വെള്ളക്കെട്ട് രൂപം കൊണ്ട് അപകടങ്ങളും പതിവായി. ഇതിനെ തുടർന്ന് റോഡിന്റെ പലഭാഗങ്ങളിലും പ്രതിഷേധങ്ങളും ഉയർന്നിരുന്നു. എന്നാൽ കരാറുകാരൻ മുങ്ങിയതിനെ തുടർന്ന് പുതിയതായി ടെൻഡർ നടപടികൾ ചെയ്താൽ മാത്രമേ റോഡ് നിർമ്മാണം ആരംഭിക്കാൻ കഴിയുകയുള്ളുവെന്ന അവസ്ഥയിലായിരുന്നു.
എന്നാൽ സി.കെ.ഹരീന്ദ്രൻ എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് അടിയന്തരമായി സർക്കാർ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് ടെൻഡർ വിളിച്ചു. എന്നാർ കരാർകാർ ആരും ഏറ്റെടുക്കാൻ തയ്യാറായില്ല.
ആധുനിക ജർമ്മർ ടെക്നോളജി
ആധുനിക ജർമ്മർ ടെക്നോളജി ഉപയോഗിച്ചാണ് റോഡ് നിർമ്മിക്കേണ്ടത്. ഇതിന് ആവശ്യമായ യന്ത്രസമാഗ്രികൾ ഇല്ലാത്തതുകരാണമാണ് കരാർ എടുക്കാൻ ആരും തയ്യാറാകാതെയിരുന്നത്. തുടർന്ന് വീണ്ടും സംസ്ഥാന സർക്കാർ കരാർ നടപടി പൂർത്തീകരിച്ച് ടെൻഡർ ചെയ്തതിനെ തുടർന്ന് ഹൈദ്രബാദ് ആസ്ഥാനമായ വിശ്വസമുദ്രയെന്ന പുതിയ കമ്പനി കരാർ ഏറ്റെടുക്കാൻ എത്തിയതോടുകൂടി നടപടികൾ വളരെ വേഗത്തിൽ പൂർത്തീകരിച്ച് സർക്കാർ റോഡ് നിർമ്മാണത്തിന് അനുമതി നൽകി.
ജോലികൾ ആരംഭിച്ചു
കഴിഞ്ഞദിവസം മുതൽ ചൂണ്ടിക്കൽ മുതൽ റോഡിന്റെ ലെവൽ ചെയ്യുന്ന ജോലികൾ ആരംഭിച്ചത്. അത്യാവശ്യം വേണ്ട എല്ലാസ്ഥലത്തും ഓടകളും കലിങ്കും നിർമ്മിച്ച് റോഡിലെ വെള്ളക്കെട്ട് തടയുന്നതിനുള്ള നടപടികൾ ഉണ്ടാകും. പ്രധാന കവലകളിൽ സിഗ്നലുകളും ബോർഡുകളും സ്ഥാപിക്കും.